തായ്‌ലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ വനിത ഏഷ്യാ കപ്പ് ഫൈനലില്‍ തിളങ്ങി ഷഫാലിയും ദീപ്തിയും
1 min readസില്‍ഹെത് (ബംഗ്ലാദേശ്): തായ്‌ലന്‍ഡിനെ 74 റണ്‍സിന് തകര്‍ത്ത് ഇന്ത്യ വനിത ഏഷ്യാ കപ്പ് ഫൈനലില്‍. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്ത ഇന്ത്യയ്‌ക്കെതിരേ തായലന്‍ഡിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. തുടര്‍ച്ചയായ എട്ടാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനല്‍ കളിക്കുന്നത്.
നാല് ഓവറില്‍ വെറും ഏഴ് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയാണ് തായ്‌ലന്‍ഡിനെ തകര്‍ത്തത്. രാജേശ്വരി ഗെയ്ക്‌വാദ് രണ്ടു വിക്കറ്റെടുത്തു.
നട്ടായ ബോച്ചാതം (21), ക്യാപ്റ്റന്‍ നറുമോല്‍ ചായ്‌വായ് (21) എന്നിവര്‍ മാത്രമാണ് തായ്‌ലന്‍ഡ് നിരയില്‍ രണ്ടക്കം കണ്ടത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. 28 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 42 റണ്‍സെടുത്ത ഷഫാലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഒരു വിക്കറ്റും വീഴ്ത്തിയ ഷഫാലി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഹര്‍മന്‍പ്രീത് 30 പന്തില്‍ നിന്ന് 36 റണ്‍സും ജെമീമ 26 പന്തില്‍ നിന്ന് 27 റണ്‍സും നേടി.
സ്മൃതി മന്ദാന (13), റിച്ച ഘോഷ് (2), ദീപ്തി ശര്‍മ (3) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. പാകിസ്താന്‍ ശ്രീലങ്ക രണ്ടാം സെമി ഫൈനല്‍ വിജയികളെയാകും ഇന്ത്യ ഫൈനലില്‍ നേരിടുക.