കഴുത്തില്‍ മരക്കമ്പുകൊണ്ട് കുത്തേറ്റ് വീട്ടമ്മ മരിച്ചു അതിര്‍ത്തി തര്‍ക്കത്തിനിടെയാണ് സംഭവം

1 min read

നെയ്യാറ്റിന്‍കര: അതിര്‍ത്തി തര്‍ക്കത്തിനിടെ കഴുത്തില്‍ മരക്കമ്പുകൊണ്ട് കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞ വീട്ടമ്മ മരിച്ചു. താന്നിമൂട്, അവണാകുഴി, കരിക്കകംതല പുത്തന്‍വീട്ടില്‍ വിജയകുമാരി(43) യാണ് മരിച്ചത്. അയല്‍വാസിയും ബന്ധുവും ചേര്‍ന്നാണ് വീട്ടമ്മയുടെ കഴുത്തില്‍ മരക്കമ്പ് കുത്തിക്കയറ്റിയത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു വിജയകുമാരി. സംസാരശേഷിയടക്കം നഷ്ടപ്പെട്ടിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് വീട്ടമ്മയ്ക്ക് മരക്കമ്പുകൊണ്ടുള്ള കുത്തേറ്റത്. സംഭവത്തില്‍ അയല്‍വാസി കമുകിന്‍കോട്, ഒറ്റപ്ലാവിള വീട്ടില്‍ അനീഷ്(28), ഇയാളുടെ ബന്ധു അരങ്കമുകള്‍, കോട്ടുകാലക്കുഴി മേലെവീട്ടില്‍ നിഖില്‍(21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് വിജയകുമാരിയുടെ തൊട്ടടുത്ത സ്ഥലം അനീഷ് വാങ്ങിയത്. ഈ വസ്തുവിന്റെ അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയോടെ സ്ഥലത്തെത്തിയ അനീഷും നിഖിലും വീടിനു മുന്നില്‍ തുണികഴുകിക്കൊണ്ടിരിക്കുകയായിരുന്ന വിജയകുമാരിയുടെ വീഡിയോ മൊബൈലില്‍ പകര്‍ത്തി. ഇതു ചോദ്യംചെയ്യുന്നതിനിടെ അനീഷ്, വീട്ടുമുറ്റത്തു കിടന്ന റബ്ബര്‍ കമ്പെടുത്ത് വിജയകുമാരിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. കുത്തേറ്റ വിജയകുമാരി താഴെവീണതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. വീട്ടിലുണ്ടായിരുന്ന മകള്‍ ശിവകല നിലവിളിച്ച് ആളുകളെ കൂട്ടി. തുടര്‍ന്ന് അമ്മയുടെ കഴുത്തില്‍ കുത്തിക്കയറിയ കമ്പ് വലിച്ചൂരിയതിനു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കി. ഇതിനിടെ നെയ്യാറ്റിന്‍കര പോലീസിനെയും വിവരമറിയിച്ചു.

സംഭവസ്ഥലത്തെത്തിയ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.ബിജു പ്രതികളായ അനീഷിനെയും നിഖിലിനെയും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. കഴുത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തിയ ശേഷം വിജയകുമാരിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജറി ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിപ്ലോമ കോഴ്‌സിനു പഠിക്കുന്ന മകള്‍ ശിവകല മാത്രമാണ് വിജയകുമാരിക്കൊപ്പമുള്ളത്. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുന്‍പേ മരിച്ചതാണ്.

Related posts:

Leave a Reply

Your email address will not be published.