ഒരു ഗാനത്തിനായി ചിലവഴിച്ചത് 20 മണിക്കൂര്‍; പിറന്നത് ക്ലാസിക് ഗാനങ്ങള്‍
1 min readമലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ്. ഇന്ത്യന്‍ സംഗീത ലോകത്തില്‍ പകരക്കം വയ്ക്കാനില്ലാത്ത പ്രതിഭ. സ്വരമാധുരികൊണ്ട് കഴിഞ്ഞ ആറു പതിറ്റാണ്ടായി ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. ഇന്നും സംഗീത പ്രേമികള്‍ ഏറ്റുപാടുന്നവയില്‍ ഏറെയും യേശുദാസ് ആലപിച്ച ഗാനങ്ങളാണ്. അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ ഹിറ്റായി മാറിയ മലയാളികളുടെ മനസ്സില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന ചില സിനിമകളുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് സര്‍ഗം. മലയാള സിനിമാചരിത്രത്തിന്റെ തന്നെ തലവര മാറ്റിക്കുറിച്ച സിനിമകളില്‍ ഒന്ന്.
കഥയും പ്രമേയവും അഭിനേതാക്കളുടെ പ്രകടനം കൊണ്ടെല്ലാം ചിത്രം ശ്രദ്ധനേടിയിട്ടുണ്ടെങ്കില്‍ പോലും ഇന്നും പ്രേക്ഷകരുടെ ഹൃദയത്തോടെ ആ സിനിമയെ ചേര്‍ത്ത് നിര്‍ത്തുന്നത് അതിലെ ഗാനങ്ങള്‍ തന്നെയാണ്. സംഗീത സംവിധായകന്‍ ബോംബെ രവിയും മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസും ഒന്നിച്ചപ്പോഴുള്ള മാജിക് ആയിരുന്നു സര്‍ഗത്തിലെ ഗാനങ്ങളില്‍ കണ്ടത്. സാധാരണ സിനിമാ ഗാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരുപാട് നേരം പ്രയത്‌നിക്കേണ്ടി വന്ന ഗാനങ്ങളാണ് ചിത്രത്തിലേത്.
‘സ്വരരാഗ ഗംഗ പ്രവാഹമേ, ആന്ദോളനം, സംഗീതമേ അമര സല്ലാപമേ, കൃഷ്ണ കൃപ സാഗരം, രാഗ സുധാരസ’ എന്നിങ്ങനെ നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങളാണ് ആ ഒരൊറ്റ സിനിമയിലൂടെ മലയാളത്തിന് ലഭിച്ചത്.
മലയാളത്തിലെ ക്ലാസിക് സിനിമാ ഗാനങ്ങളായി അറിയപ്പെടുന്ന ഇവയ്‌ക്കൊക്കെ നിരവധി ആരാധകരാണ് ഉള്ളത്. അതില്‍ തന്നെ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ‘രാഗ സുധാരസ’ എന്ന ഗാനം. എന്നാല്‍ ഈ ഒരു ഗാനം ആലപിക്കുന്നതിനായി മാത്രം യേശുദാസ് 20 മണിക്കൂറിലേറെയാണ് ചെലവഴിച്ചത്.
എല്ലാ ഗാനങ്ങള്‍ക്കു പിന്നിലും പതിവിലുമേറെ പ്രയത്‌നിക്കേണ്ടിവന്നിരുന്നുവെങ്കിലും ‘രാഗ സുധാരസ ……..’ എന്ന ഗാനത്തിനായി അവര്‍ ചെലവഴിച്ച 20 മണിക്കൂറിലധികമായിരുന്നു. അസാധാരണ സ്വരസഞ്ചാരത്തിലൂടെ ഒഴുകി നീങ്ങുന്ന ഗാനത്തിനെ എത്ര ആവര്‍ത്തി ശ്രമിച്ചിട്ടും, പാടിയ യേശുദാസിന് തൃപ്തിയാകുന്നില്ല. ചെന്നൈയിലെ സ്റ്റുഡിയോയില്‍ രാവിലെ 10 നു തുടങ്ങിയ റെക്കോര്‍ഡിങ് പൂര്‍ത്തിയായത് രാത്രി 10ന്. എന്നിട്ടും പൂര്‍ണ മനസ്സോടെയായിരുന്നില്ല യേശുദാസ് റെക്കോര്‍ഡിങ് പൂര്‍ത്തിയാക്കിയത്. വീട്ടിലെത്തിയ അദ്ദേഹത്തിന് ഒരു പകല്‍ മുഴുവന്‍ ചെലവഴിച്ച് ഒരുക്കിയെടുത്ത പാട്ടില്‍ എവിടെയോ ഒരു പോരായ്മയുണ്ടെന്ന തോന്നല്‍. മറ്റാരേയും ബുദ്ധിമുട്ടിക്കാന്‍ മനസ്സില്ലാതെ സൗണ്ട് എന്‍ജിനീയറെയും വിളിച്ച് യേശുദാസ് എന്ന മഹാഗായകന്‍ ആ രാത്രിതന്നെ വീണ്ടും സ്റ്റുഡിയോയിലെത്തി. നേരം പുലരും വരെ പോരായ്മകളെല്ലാം ചികഞ്ഞു തിരുത്തിയ ശേഷമാണ് അദ്ദേഹം അന്ന് സ്റ്റുഡിയോ വിട്ടത. യേശുദാസിന്റെ സൂപ്പര്‍ ഹിറ്റായി മാറിയ മിക്ക ഗാനങ്ങള്‍ക്ക് പിന്നിലും ഇത്തരത്തിലുള്ള പ്രയത്‌നം ഉണ്ടായിട്ടുണ്ട്. സംഗീത സംവിധായകരടക്കം മുന്‍പ് അത്തരം അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.