നടനത്തെ വിസ്മയമാക്കിയ വാനപ്രസ്ഥം

1 min read

അഭിനയ ചക്രവര്‍ത്തിയുടെ ചിത്രം: ‘വാനപ്രസ്ഥം’

1999ല്‍ ഷാജി.എന്‍.കരുണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ, എവര്‍ഗ്രീന്‍ ക്ലാസിക് പട്ടികയില്‍ മുന്‍പന്തിയില്‍ സ്ഥാനം പിടിച്ച മലയാള ചിത്രമാണ് വാനപ്രസ്ഥം. കലയിലെ കഥാപാത്രങ്ങളും കലാകാരനും തമ്മിലുള്ള അന്തരത്തിന്റെ വൈരുദ്ധ്യാത്മക പ്രമേയത്തെ വ്യക്തമായി അവതരിപ്പിച്ച ചിത്രം കൂടിയാണിത്. അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ തന്നെ എക്കാലത്തും പറയപ്പെടുന്ന ഭാവാഭിനയത്തിന്റെ വേറിട്ട തലങ്ങളെ നവരസകൂട്ടില്‍ ചാലിച്ച അര്‍ജുനന്‍ എന്ന കഥാപാത്രം മലയാളികളില്‍ എന്നും ആവേശമുണര്‍ത്തുന്നതാണ്.

ഫ്രഞ്ച് എഴുത്തുകാരനായ പിയര്‍ അസോലിന്റെ കഥയെ അടിസ്ഥാനമാക്കി രഘുനാഥ് പലേരിയും ഷാജി.എന്‍.കരുണും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. 1950 കളില്‍ തിരുവിതാംകൂറിലെ പ്രേക്ഷകരെ നടനവിസിമയങ്ങള്‍ കൊണ്ട് ത്രസിപ്പിച്ച ഒന്നാണ് ആട്ടക്കഥ. ആ അസാധ്യകലാകാരെ ചുറ്റിപറ്റിയുള്ള പ്രമേയത്തെ വളരെ മനോഹകമായി തന്നെ ചിത്രത്തിലുടനീളം അവതരിപ്പിച്ചിട്ടുണ്ട്.

തനത് സാംസ്‌കാരിക കലയായ കഥകളിയെ ഇത്രയധികം നന്നായി അവതരിപ്പിച്ച മറ്റൊരു മലയാള സിനിമയും ഉണ്ടായിട്ടില്ല എന്നുള്ളതും വാസ്തുതയാണ്.

കഥകളിയിലൂടെ കഥ പറയുന്ന സിനിമയാണെങ്കിലും അതൊരു പശ്ചാത്തലമായി നിലനിര്‍ത്തി പ്രേക്ഷകരോട് സിനിമാറ്റിക്കായും കഥാപരമായും സംസാരിക്കുന്നതിലും വിജയിക്കുന്നുണ്ട് വാനപ്രസ്ഥം. സിനിമയുടെ പല ലെയറുകളില്‍ പല രീതിയല്‍ ആസ്വധിക്കാന്‍ പ്രാപ്തമായൊരു സിനിമ. ആ കാലഘട്ടത്തിലെ ജാതിയ വൈരുധ്യങ്ങളും സാമൂഹിക മേല്‍കോയ്മകളും ചിത്രത്തില്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.

മനക്കലെ വലിയ നമ്പൂതിരിക്ക് അടിച്ചുതളിക്കാരിയിലുണ്ടാവുന്ന മകനാണ് കുഞ്ഞുക്കുട്ടന്‍. അന്നുമുതലെ അശ്രീകരന്‍ എന്ന വാക്ക് ചാര്‍ത്തികിട്ടിയവന്‍. അവന്റെ അനുഗ്രഹീത കലയെ സ്വന്തം പിതാവ് വരെ തള്ളിപ്പറഞ്ഞു. കലയില്‍ അനുഗ്രഹീതനും ജന്മത്തില്‍ അശ്രീകരവുമാകുന്ന വിചിത്ര ജന്മം. അതാണയാള്‍. എങ്കിലും കഴിവുള്ളവനെ തടയാന്‍ കഴിയില്ലെന്ന വസ്തുതയില്‍ അയാള്‍ കളി പടിച്ച് ആ നാട്ടിലെ മികച്ച കളിയാശാനായി അറിയപ്പെടുകയും ചെയ്യുന്നുണ്ട്. അങ്ങനെയിരിക്കെ ഒരു കൊട്ടാരത്തില്‍ കുഞ്ഞുകുട്ടന്‍ കഥകളി അവതരിപ്പിക്കാനായി എത്തുന്നു..

പഞ്ചപാണ്ഡവരിലെ മൂന്നാമനായി കുന്തിദേവിക്ക് ദേവരാജാവായ ഇന്ദ്രനില്‍ നിന്ന് വീരപ്രസാദമായി ജന്മംകൊണ്ട അസ്ത്രശാസ്ത്രവിധ്യത്തില്‍ അഗ്രഗണ്യനായ അര്‍ജുനന്റെ വേഷമാണ് കുഞ്ഞിക്കുട്ടന്‍ തട്ടില്‍ അവതരിപ്പിക്കുന്നത്. എങ്കില്‍ പോലും ആടിയ വേഷങ്ങളും, ദാനമായി ലഭിച്ച സൗഭാഗ്യങ്ങളും, പ്രശംസകളും അയാളിലെ കലാകാരനെ ത്രിപ്തപ്പെടുത്തുന്നില്ല.

ഇവിടെവെച്ച് കുഞ്ഞുകുട്ടന്‍ സുഭദ്രയെ കാണാനിടയാവുന്നു. യാഥാര്‍ഥ്യത്തിനും ഫിക്ഷനും ഇടയില്‍ നഷ്ടമായ അവളുടെ ചിന്താധാരകള്‍ അര്‍ജുനന്‍ എന്ന കഥാപാത്രത്തില്‍ മാത്രം കേന്ദ്രീകരിക്കുകയും അവള്‍ ആ കഥാപാത്രവുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. അവളുടെ ആ പ്രണയം ഒരു കുഞ്ഞിന്റെ ജനനത്തിലേക്ക് വഴിതെളിയിക്കുന്നു. ആ ജീവിതകാലം മുഴുവന്‍ സുഭദ്ര കുഞ്ഞിക്കുട്ടന്‍ എന്ന യാഥാര്‍ഥ്യത്തെ മറന്ന് അയാള്‍ അവതരിപ്പിക്കുന്ന അര്‍ജുനന്‍ എന്ന ഫിക്ഷന്‍ കഥാപാത്രത്തില്‍ മാത്രമായി ജീവിക്കുന്നു.

സദസ്സില്‍ ശക്തനായ കഥാപാത്രമായ അര്‍ജുണനെ അവതരിപ്പിക്കുമ്പോഴും അയാളുടെ മനസ്സിന്റെ താളം പിഴച്ചിരുന്നു. സുഭദ്രയില്‍ തനിക്കുണ്ടായ കുഞ്ഞിനെ കാണാന്‍ പോലും കുഞ്ഞുകുട്ടനു അനുവാദം കിട്ടുന്നില്ല. തന്റെ അസ്ഥിത്വദുഖം അടുത്തതലമുറയിലേക്ക് പകരാന്‍ കുഞ്ഞുകുട്ടന്‍ നിര്‍ബന്ധിതനാവുന്നു. അവ്യക്തതയുടെ കരിമ്പടം പുതച്ച പിതൃപൈതൃകത്തിന്റെ ഭാരം അയാളെ വല്ലാതെ അലട്ടുന്നു.

കുഞ്ഞിക്കുട്ടന്‍ എന്ന വ്യക്തിയെ അല്ല അര്‍ജുനന്‍ എന്ന കഥാപാത്രത്തെയാണ് സുഭദ്ര പ്രണയിക്കുന്നത് എന്ന് തിരിച്ചറിയുന്ന നിമിഷം തന്റെ മുഖത്തെ കഥാപാത്രാവരണമായ മിനിക്കുകളെ വേദനയോടും അമര്‍ശത്തോടും ഉരിഞ്ഞുകളയുന്ന കുഞ്ഞിക്കുട്ടന്‍ എന്ന സാധാരണക്കാരനായ വ്യക്തിയെ പ്രേക്ഷകന് കാണാന്‍ സാധിക്കും. സുഭദ്രയിലുളവാക്കിയ അര്‍ജുന കഥാപത്രാധിനിവേശത്തെ വലിച്ചെറിയുകയും ചെയ്യുന്ന കുഞ്ഞിക്കുട്ടന്‍ എന്ന വ്യക്തിയില്‍ ആസ്വാധകര്‍ സന്തുഷ്ടരാകുന്നിടത്ത് വാനപ്രസ്ഥത്തിന്റെ വിജയം വാനോളമാണ്.

ആ വര്‍ഷത്തെ മികച്ച അഭിനേതാവിനുള്ള ദേശീയ സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ നേടിയ ചിത്രം മോഹന്‍ലാല്‍ എന്ന നടന്റെ ഏറ്റവും മികച്ച വേഷമായി വിലയിരുത്തപ്പെടുന്നു.

Related posts:

Leave a Reply

Your email address will not be published.