‘പ്രകോപനപരമായ വസ്ത്രധാരണം’ സ്ത്രീകളെ അപമാനിക്കാനുള്ള ലൈസന്‍സല്ല;സിവിക് ചന്ദ്രന്‍ കേസില്‍ ഹൈക്കോടതി

1 min read

കൊച്ചി: ലൈംഗിക ആരോപണ കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി ശരിവെച്ചു. എന്നാല്‍, കോഴിക്കോട് സെഷന്‍സ് കോടതിയുടെ ‘ലൈംഗിക പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രം’ എന്ന പ്രയോഗം ഹൈക്കോടതി നീക്കംചെയ്യുകയും ചെയ്തു.

മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്. മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ കീഴ്‌ക്കോടതി വ്യക്തമാക്കിയ കാരണം ന്യായീകരിക്കാനാവില്ല. അതേസമയം, മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഓഗസ്റ്റ് 12ന് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയാക്കിയിരുന്നു. പരാതിക്കാരി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ജഡ്ജിയുടെ പരാമര്‍ശം.

സ്ത്രീയുടെ മാന്യതയെ അവഹേളിക്കാനുള്ള കുറ്റത്തില്‍നിന്ന് പ്രതിയെ മോചിപ്പിക്കാനുള്ള നിയമപരമായ കാരണമായി ഇരയുടെ വസ്ത്രധാരണത്തെ വ്യാഖ്യാനിക്കാനാവില്ലെന്ന് ഹൈക്കോടതി ജഡ്ജി എടപ്പഗത്ത് നിരീക്ഷിച്ചു.

‘ഇരയുടെ വസ്ത്രധാരണം ഒരു സ്ത്രീയുടെ മാന്യതയെ അക്രമിച്ചു എന്ന കുറ്റത്തില്‍ നിന്ന് ഒരു പ്രതിയെ മോചിപ്പിക്കാനുള്ള നിയമപരമായ കാരണമായി കണക്കാക്കാനാവില്ല. ഏത് വസ്ത്രവും ധരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മൗലിക അവകാശത്തിന്റേയും ഭാഗമാണ്. അതുകൊണ്ട് ഒരു സ്ത്രീ പ്രകോപനപരമായ വസ്ത്രം ധരിച്ചാലും അത് ഒരു പുരുഷന് അവളുടെ മാന്യതയെ അക്രമിക്കാനുള്ള ലൈസന്‍സായി കണക്കാക്കാനാകില്ല’, കോടതി വ്യക്തമാക്കി.

കേസിന്റെ അന്വേഷണം ഏതാണ്ട് അവസാനിച്ചതായി ഡിജിപി നേരത്തെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പ്രതിയുടെ പ്രായവും കണക്കിലെടുത്ത് കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കി പ്രതിക്ക് അനുവദിച്ച മുന്‍കൂര്‍ജാമ്യം ശരിവെക്കുന്നതായും ഹൈക്കോടതി വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.