രാജസ്ഥാനില്‍ കോണ്‍ഗ്രസ് വഴിമുട്ടുന്നു; അശോക് ഗെലോട്ട് പാര്‍ട്ടിയ്ക്ക് പുറത്തേക്കോ?

1 min read

ജയ്പൂർ: രാജസ്ഥാനില്‍ രണ്ടും കല്‍പ്പിച്ച് വിമത നീക്കം നടത്തുന്ന അശോക് ഗെലോട്ട് പാര്‍ട്ടിയ്ക്ക് പുറത്തേക്കോ? എ ഐ സി സി അധ്യക്ഷനാവാനിരുന്ന വ്യക്തി തന്നെ രാജസ്ഥാനില്‍ വിമത നീക്കം നടത്തിയതിന്റെ ഞെട്ടലില്‍ നിന്നും കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ മുക്തി നേടിയിട്ടില്ല. . രാജസ്ഥാന്‍ മുഖ്യമന്ത്രിയും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ അശോക് ഗെലോട്ടിനെ എ ഐ സി സി അധ്യക്ഷ സ്ഥാനത്ത് കൊണ്ടുവന്ന് സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം.

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യം ഗെലോട്ട് തന്നെ വ്യക്തമാക്കി. എന്നാല്‍ സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാന്‍ തയ്യാറാവാതിരുന്ന ഗെലോട്ട് പക്ഷം രാജസ്ഥാനില്‍ വിമത നീക്കം നടത്തുകയായിരുന്നു. ഇതോടെ ശരിക്കും അമ്പരന്നു പോയ് കോണ്‍ഗ്രസ് നേതൃത്വം ഗെലോട്ടിനെ എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കേണ്ട തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്. അധ്യക്ഷനാവാന്‍ വെച്ചയാള്‍ വിമത നീക്കം നടത്തി പാർട്ടിക്ക് പുറത്ത് പോവുമോ എന്ന ആശങ്കയും ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍ ഇല്ലാതില്ല.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് അടുപ്പമുള്ള എംഎൽഎമാർ നിയമസഭ കക്ഷി യോഗം ബഹിഷ്‌കരിച്ചത് കടുത്ത അച്ചടക്കമില്ലായ്മയാണെന്നാണ് കോൺഗ്രസ് നേതൃത്വം വിശേഷിപ്പിച്ചത്. ഇതോടെയാണ് ഗെലോട്ടിന് പകരക്കാരനെ തേടാനുള്ള ശ്രമം ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. മല്ലികാർജുൻ ഖാർഗെ, സുശീൽ കുമാർ ഷിൻഡെ, ദിഗ്‌വിജയ സിംഗ്, മുകുൾ വാസ്‌നിക് എന്നിവരുടെ പേരുകളാണ് ഗെലോട്ടിന് പകരമായി പരിഗണനയിലുള്ളത്.

സോണിയാ ഗാന്ധി തന്നെ നേരിട്ട് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ കമല്‍നാഥിനെ വിളിച്ച് കാര്യങ്ങള്‍ ചർച്ച ചെയ്തെങ്കിലും സംസ്ഥാനത്ത് തന്റെ ശ്രദ്ധ തുടരാൻ ആഗ്രഹിക്കുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്. അതേസമയം തന്നെ അശോക് ഗെലോട്ടിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും മറുവശത്ത് നടന്ന് വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍. തിങ്കളാഴ്‌ച വരെ ഗെഹ്‌ലോട്ടിനെ പ്രസിഡന്റ്റ് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള തീരുമാനമായിരുന്നു ഗാന്ധി കുടുംബത്തിന് ഉണ്ടായിരുന്നത്.

നെഹ്രു കുടുംബത്തിന് പുറത്തുള്ള ഒരാളെ എ ഐ സി സി അധ്യക്ഷ പദവിയില്‍ കൊണ്ടുവരാനുള്ള പാർട്ടിയുടെ പദ്ധതിയുടെ ഭാഗമായിരുന്ന് ഇത്. ഏറെ ചർച്ചകള്‍ക്ക് ശേഷം, ഗെഹ്‌ലോട്ട് കഴിഞ്ഞയാഴ്ച മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തിയെങ്കിലും രാജസ്ഥാനിലെ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ അദ്ദേഹം വിസമ്മതിച്ചതാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം.മുഖ്യമന്ത്രി സ്ഥാനത്ത് ഗെലോട്ടിന്റെ പിൻഗാമിയെ തീരുമാനിക്കുള്ള നിയമസഭാ കക്ഷി യോഗത്തിന് രാജസ്ഥാനിലേക്ക് പോയ ഖാർഗെയുമായും അജയ് മാക്കനുമായും സോണിയ ഗാന്ധി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. ജയ്പൂരിലെ സംഭവവികാസങ്ങളെക്കുറിച്ച് രണ്ട് പേരും വിശദമായി തന്നെ സോണിയയെ കാര്യങ്ങള്‍ ധരിപ്പിച്ചു. വിഷയത്തില്‍ കോൺഗ്രസ് അധ്യക്ഷൻ രേഖാമൂലം റിപ്പോർട്ട് ആവശ്യപ്പെട്ടതായി മാക്കൻ പറഞ്ഞു.എം എൽ എമാർ യോഗം ബഹിഷ്കരിച്ചതിൽ തനിക്ക് പങ്കില്ലെന്നും ഇക്കാര്യത്തിൽ മാപ്പ് പറയുന്നതായും ഗെഹ്‌ലോട്ട് കോൺഗ്രസ് നേതാക്കളെ അറിയിച്ചതായി റിപ്പോർട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.