പോപ്പുലര്‍ ഫ്രണ്ട്: വീണ്ടും എന്‍ഐഎ റെയിഡ്; അറസ്റ്റിലായവര്‍ കസ്റ്റഡിയില്‍

1 min read

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും വീണ്ടും ദേശീയ അന്വേഷണ ഏജന്‍സി യുടെ റെയ്ഡ്. എട്ട് സംസ്ഥാനങ്ങളില്‍ നടക്കുന്ന പരിശോധനയ്ക്കിടെ നിരവധി പ്രവര്‍ത്തകരെയും നേതാക്കളെയും കസ്റ്റഡിയിലെടുത്തു. നേരത്തെ കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തി സംഘടനയുടെ ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നുള്ള വിവരം അടിസ്ഥാനമാക്കിയാണ് പുതിയ റെയ്ഡ് നടക്കുന്നതും നിരവധി പേരെ കസ്റ്റഡിയിലെടുത്തതുമെന്ന് എന്‍ഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റിലായ പോപ്പുലർഫ്രണ്ട് ഭീകരരെ വീണ്ടും കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്ക് കൂടിയാണ് എൻഐഎ പ്രത്യേക കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. ഇവരെ വിശദമായി ചോദ്യം ചെയ്യും.

അതേസമയം കേരളത്തിൽ അറസ്റ്റിലായ എട്ട് പേർ ഉൾപ്പെടെ 19 പേരാണ് ഡൽഹി എൻഐഎ കസ്റ്റഡിയിൽ ഉള്ളത്. നേരത്തെ ഇവരെ നാല് ദിവസത്തേക്ക് കോടതി കസ്റ്റഡിയിൽ വിട്ടിരുന്നു. ഈ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇവരെ വീണ്ടും എൻഐഎ കോടതിയിൽ ഹാജരാക്കിയത്.
ഭീകരവാദത്തിന് പണം സമാഹരിക്കൽ, ഭീകര സംഘടനകളിലേക്കുള്ള റിക്രൂട്ട്‌മെന്റ്, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി പരിശീലനം നൽകി തുടങ്ങിയ മൂന്ന് കണ്ടെത്തലുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് പോപ്പുലർഫ്രണ്ട് ഭീകരരിൽ നിന്നും എൻഐഎ ആരായുന്നത്.

കഴിഞ്ഞ നാല് ദിവസവും എൻഐഎ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്‌തെങ്കിലും ഇനിയും വിവരങ്ങൾ ലഭ്യമാകാനുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ ദിവസം പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടത്. കോടതി ഈ വാദം പൂർണമായും അംഗീകരിക്കുകയായിരുന്നു. എഫ്‌ഐആറിന്റെയും റിമാൻഡ് റിപ്പോർട്ടിന്റെയും പകർപ്പ് വേണമെന്ന് പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഈ ആവശ്യം നിഷേധിച്ചു.

Related posts:

Leave a Reply

Your email address will not be published.