പുതിയ പേരുകളും ചിഹ്നങ്ങളുമായി ഉദ്ധവ് താക്കറെ; ഉദയസൂര്യനും ത്രിശൂല ചിഹ്നവും അപേക്ഷയില്‍

1 min read

ന്യൂഡല്‍ഹി: അന്ധേരി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പേരുകളും ചിഹ്നങ്ങളും തിരഞ്ഞെടുപ്പു കമ്മിഷനു മുന്‍പാകെ സമര്‍പ്പിച്ച് ശിവസേന ഉദ്ധവ് താക്കറേ പക്ഷം. ശിവസേന ബാലസാഹേബ് താക്കറേ എന്ന പേരിനാണ് ഉദ്ധവ്പക്ഷം പ്രഥമപരിഗണന നല്‍കുന്നത്. ശിവസേന ഉദ്ധവ് ബാലസാഹേബ് താക്കറേ എന്ന പേരിനാണ് രണ്ടാം പരിഗണന. പേരിനു പുറമേ രണ്ടു ചിഹ്നങ്ങളും അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ ത്രിശൂല ചിഹ്നത്തിനാണ് ഉദ്ധവ് താക്കറേപക്ഷം പ്രഥമപരിഗണന നല്‍കിയിട്ടുള്ളത്. രണ്ടാമത്തെ പരിഗണന ഉദയസൂര്യന്റെ ചിഹ്നത്തിനുമാണ്.

ചിഹ്നത്തെ ചൊല്ലി ഉദ്ധവ് താക്കറേ-ഏക്‌നാഥ് ഷിന്ദേ പക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തതിന് പിന്നാലെ ശനിയാഴ്ച തിരഞ്ഞെടുപ്പു കമ്മിഷന്‍ ശിവസേനയുടെ തിരഞ്ഞെടുപ്പു ചിഹ്നമായ അമ്പും വില്ലും മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് പക്ഷത്തിന്റെ നീക്കം. ചിഹ്നം മരവിപ്പിച്ചതിന് പിന്നാലെ മൂന്നുപേരുകളും ചിഹ്നങ്ങളും അടങ്ങിയ പട്ടിക സമര്‍പ്പിക്കാന്‍ ഇരുകൂട്ടര്‍ക്കും തിരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്. സമര്‍പ്പിക്കുന്ന പേരുകളില്‍നിന്നും ചിഹ്നങ്ങളില്‍നിന്നും ഒരോന്നുവീതം ഇരുകൂട്ടര്‍ക്കും അനുവദിക്കാനാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം.

തിരഞ്ഞെടുപ്പു കമ്മിഷന്റെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇരുപക്ഷത്തിനും പുതിയപേരുകള്‍ തിരഞ്ഞെടുക്കേണ്ടി വരുന്നത്. 1989-ലാണ് ശിവസേനയ്ക്ക് അമ്പും വില്ലും ചിഹ്നം ലഭിക്കുന്നത്. അതിന് മുന്‍പ് വാളും പരിചയും, തെങ്ങ്, റെയില്‍വേ എന്‍ജിന്‍ തുടങ്ങിയ ചിഹ്നങ്ങളിലാണ് ശിവസേന തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. ഏക്‌നാഥ് ഷിന്ദേയും സംഘവും ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയിലെ അവകാശത്തെ ചൊല്ലി തര്‍ക്കം ഉടലെടുത്തത്.

Related posts:

Leave a Reply

Your email address will not be published.