കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അട്ടിമറി നടക്കുമോ എന്ന് അറിയില്ല; രഹസ്യബാലറ്റ് വിധി നിര്‍ണ്ണയിക്കുമെന്ന് പത്മജ വേണുഗോപാല്‍
1 min readഎം.മനോജ് കുമാര്‍
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഉള്ള പദവികള്‍ രാജിവെച്ച് മാത്രം അഭിപ്രായപ്രകടനം നടത്തിയാല്‍ മതി എന്ന നിര്‍ദ്ദേശം ഉള്ളതിനാല്‍ ആരാണ് കോണ്‍ഗ്രസ് പ്രസിഡന്റ് ആയി വരേണ്ടത് എന്ന കാര്യത്തില്‍ ഒരഭിപ്രായ പ്രകടനത്തിനു നില്‍ക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് പ്രസിഡന്റ് ആയി ശശി തരൂര്‍ വരണോ മല്ലികാർജ്ജുൻ ഖാർഗെ വരണോ എന്ന കാര്യത്തില്‍ അഭിപ്രായ പ്രകടനത്തിനു മുതിരുന്നില്ലെന്നു പത്മജ വേണുഗോപാല്‍ മലയാളി ന്യൂസ് ലൈവിനോട് പറഞ്ഞു.
കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അട്ടിമറി നടക്കുമോ എന്ന് അറിയില്ല. ഇത് ഞാന്‍ ആരോടും ചോദിച്ചിട്ടുമില്ല. രഹസ്യ ബാലറ്റ് ആയതിനാല്‍ സ്വതന്ത്രമായി വോട്ടു ചെയ്യാം എന്നുള്ളതിനാല്‍ എല്ലാവരും തങ്ങളുടെ അഭിപ്രായം ബാലറ്റില്‍ രേഖപ്പെടുത്തുമെന്നാണ് തന്റെ വിശ്വാസമെന്നും പത്മജ പറയുന്നു.
ഞാന്‍ തത്ക്കാലം എന്റെ ഹോം ടൌണായ തൃശൂരില്‍ തന്നെ ഒതുങ്ങി നില്‍ക്കുകയാണ്. പ്രധാനപ്പെട്ട സ്ഥാനങ്ങളിലേക്ക് നേതാക്കളെ പ്രഖ്യാപിക്കുമ്പോള്‍ തന്നെ പരിഗണിക്കും എന്നാണ് അഭിപ്രായം. അതുവരെ ലോ പ്രൊഫൈലില്‍ പോവാനാണ് തീരുമാനം.
ഞാന്‍ തൃശൂര്‍ പരിപാടികളില്‍ നിന്നും മാറി നില്‍ക്കുന്നില്ല. തൃശൂരെ എല്ലാ പരിപാടികളിലും ഞാന്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസിലെ കാര്യങ്ങളെക്കുറിച്ച് . പെട്ടെന്ന് എടുത്ത് ചാടി പ്രതികരിച്ചിട്ടു കാര്യമില്ല. കുറച്ച് കൂടി കഴിയട്ടെ-പത്മജ വേണുഗോപാല്‍ പറയുന്നു.
അതേസമയം കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ പരസ്യ പിന്തുണയെ ചൊല്ലി തർക്കം മുറുകുകയാണ്. . നേതാക്കൾ മല്ലികാർജുൻ ഖർഗെയെ പിന്തുണയ്ക്കുന്നതിനെതിരെ പരാതി നൽകുമെന്നാണ് ശശി തരൂർ പ്രതികരിച്ചത്. തരൂരിനെയും പിന്തുണച്ച് നേതാക്കളുണ്ട്.
ശശി തരൂരിനെ പിന്തുണക്കുമെന്ന് എംകെ രാഘവൻ എംപി, കെഎസ് ശബരിനാഥൻ ഉള്‍പ്പെടെയുള്ള പതിനഞ്ചോളം പേര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് 10 ദിവസം മാത്രമാണ് ശേഷിക്കുന്നത്. ആര് പ്രസിഡന്‍റ് ആകും എന്നതിനെക്കുറിച്ച് ആകാംക്ഷ കനക്കുകയാണ്. 17നാണ് എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പ്. അന്ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19നാണ്.