ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്കുനേരെ അതിക്രമം,
തൂത്തുക്കുടിയിലാണ് സംഭവം
2 പേര്‍ പിടിയില്‍

1 min read

ചെന്നൈ: തമിഴ്‌നാട്ടില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്കുനേരേ ആക്രമണം. രണ്ടു പുരുഷന്മാര്‍ ചേര്‍ന്ന് ഇവരെ അധിക്ഷേപിക്കുകയും മുടിമുറിച്ചുമാറ്റുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നോഹ്, വിജയ് എന്നിവര്‍ പോലീസിന്റെ പിടിയിലായി.

വ്യാഴാഴ്ചയാണ് സംഭവം. ദൃശ്യങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഗ്രേസ് ബാനുവാണ് ട്വീറ്ററില്‍ പങ്കുവെച്ചത്. അക്രമികളില്‍ ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ മുടി മുറിക്കുന്നത് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. കൃഷിയിടം എന്നു തോന്നിക്കുന്നിടത്തുവെച്ചാണ് അക്രമം നടന്നത്. മുടി മുറിച്ച ശേഷം അക്രമി അത് സമീപത്തേക്ക് വലിച്ചെറിയുന്നു. അതിക്രമത്തിന് ഇരയായ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് സമീപം മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ഇരിക്കുന്നതും ദൃശ്യത്തില്‍ കാണാം.

‘ഇവരെ നോക്ക്. ഇവര്‍ ആണുങ്ങളില്‍നിന്ന് പണം തട്ടിയെടുക്കുന്നവരാണ്. ഇവരെ നമ്മള്‍ എന്താണ് ചെയ്യേണ്ടത്.’ എന്നിങ്ങനെ അക്രമകളില്‍ ഒരാള്‍ പറയുന്നതും കേള്‍ക്കാം. മറ്റൊരു വീഡിയോയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ മുഖം പരിക്കേറ്റ നിലയിലാണുള്ളത്.

അറസ്റ്റിലായ നോഹും വിജയും രണ്ടു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളുമായി അടുത്ത പരിചയമുള്ളവരാണെന്ന് തൂത്തുക്കുടി എസ്.പി. എല്‍. ബാലാജി ശരവണന്‍ എന്‍.ഡി.ടി.വിയോടു പറഞ്ഞു. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് അക്രമികളില്‍ ഒരാളുമായി മുന്‍പ് ബന്ധമുണ്ടായിരുന്നു. എന്നാല്‍ പിന്നീടിവര്‍ പിരിയുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്.പി. കൂട്ടിച്ചേര്‍ത്തു.

Related posts:

Leave a Reply

Your email address will not be published.