തദ്ദേശ ഉപതിരഞ്ഞെടുപ്പ്: പത്ത് ഇടങ്ങളില്‍ കോണ്‍ഗ്രസ്, മൂന്നിടത്ത് ബിജെപി

1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലം പുറത്തുവരുമ്പോള്‍ യുഡിഎഫ് 10 സീറ്റുകളിലും എല്‍ഡിഎഫ് 9 സീറ്റുകളിലും എന്‍ഡിഎ 3 സീറ്റുകളിലും മുന്നേറുന്നു. പത്ത് ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍ വാര്‍ഡിലും നാല് മുനിസിപ്പാലിറ്റി വാര്‍ഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 75.1% ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 88 സ്ഥാനാര്‍ഥികളാണു ജനവിധി തേടിയത്. തിരുവനന്തപുരം ജില്ലയിലെ 4 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 3 എണ്ണത്തില്‍ എല്‍ഡിഎഫും ഒരെണ്ണത്തില്‍ ബിജെപിയും വിജയിച്ചു.

തിരുവനന്തപുരം ഒറ്റ ശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാര്‍ഡില്‍ എല്‍ഡിഎഫ് ബിജെപിയെ അട്ടിമറിച്ചു. സിപിഎമ്മിന്റെ ഒ.ശ്രീജല 60 വോട്ടിന് വിജയിച്ചു. മട്ടന്നൂര്‍ നഗരസഭ ടൗണ്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ 72 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്. ബിജെപിയുടെ എ മധുസൂദനന്‍ ആണ് ജയിച്ചത്. കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. മട്ടന്നൂര്‍ നഗരസഭയില്‍ ബിജെപിയുടെ ആദ്യ ജയമാണിത്. കൊല്ലം ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ പി.എസ്.സുനില്‍കുമാര്‍ 264 വോട്ടുകള്‍ക്കാണ് ജയിച്ചത്. ഇവിടെ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തി. 58 വോട്ടുകള്‍ നേടി ബിജെപിയുടെ ഉദയന്‍ മൂന്നാമതായി. പത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട വാര്‍ഡില്‍ കോണ്‍ഗ്രസിന് ജയം.

ആലപ്പുഴ വെളിയനാട് ഗ്രാമപഞ്ചായത്തിലെ കിടങ്ങറ ബസാര്‍ തെക്ക് വാര്‍ഡില്‍ ബിജെപിക്ക് ജയം. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണിത്. ബിജെപിയിലെ സുഭാഷ് ഒരു വോട്ടിനാണ് ജയിച്ചത്. സുഭാഷിന് 251 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സിപിഎമ്മിലെ ഗീതമ്മ സുനിലിന് 250 വോട്ടുകള്‍ കിട്ടി. സിപിഎം വിമതനായി മത്സരിച്ച എം.ആര്‍.രഞ്ജിത്തിന് 179 വോട്ടുകള്‍ പിടിക്കാനായി.
എറണാകുളം, എടവനക്കാട് ഗ്രാമപഞ്ചായത്തിലെ നേതാജി വാര്‍ഡ് സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ശാന്തി മുരളി 108 വോട്ടുകള്‍ക്ക് സിപിഎമ്മിലെ പ്രിന്‍സി രാധാകൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. തൃശ്ശൂര്‍ മുല്ലശ്ശേരി പഞ്ചായത്ത് ഏഴാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ജയം. മലപ്പുറം മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കാച്ചിനിക്കാട് കിഴക്ക് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കണ്ണൂര്‍ മാടായി ഗ്രാമപഞ്ചായത്ത് മുട്ടം ഇട്ടപ്പുറം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പല്‍ കൗണ്‍സില്‍ മുതുകാട് വാര്‍ഡ് സിപിഎം നിലനിര്‍ത്തി.

Related posts:

Leave a Reply

Your email address will not be published.