സൈബര്‍ ചൂതാട്ടങ്ങള്‍ക്ക്
തമിഴ്‌നാട്ടില്‍ നിരോധനം
ലംഘിക്കുന്നവര്‍ക്ക് 3 വര്‍ഷം തടവ്

1 min read

ഈ മാസം 26ന് തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആര്‍.എന്‍.രവി ഒപ്പിട്ടതോടെയാണ് ഓണ്‍ലൈന്‍ ചൂതാട്ട നിയമം നിലവില്‍ വന്നത്

ഓണ്‍ലൈന്‍ റമ്മിയടക്കം സൈബര്‍ ചൂതാട്ടങ്ങള്‍ നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഓണ്‍ലൈന്‍ ചൂതാട്ടം കളിക്കുന്നവര്‍ക്കും നടത്തുന്നവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നിഷ്‌കര്‍ഷിക്കുന്നതാണ് നിയമം. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടമായി ചെറുപ്പക്കാരടക്കം നിരവധി പേര്‍ തമിഴ്‌നാട്ടില്‍ ജീവനൊടുക്കിയ സാഹചര്യത്തിലാണ് നിയമനിര്‍മാണം.

ഈ മാസം 26ന് തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആര്‍.എന്‍.രവി ഒപ്പിട്ടതോടെയാണ് ഓണ്‍ലൈന്‍ ചൂതാട്ട നിയമം നിലവില്‍ വന്നത്. മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി കെ.ചന്ദ്രുവിന്റെ നേതൃത്വത്തിലുള്ള സമിതി നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടത്തെ നിയന്ത്രിക്കാന്‍ അണ്ണാ ഡിഎംകെ സര്‍ക്കാര്‍ നടപ്പാക്കിയ തമിഴ്‌നാട് ഗെയിമിംഗ് ആന്‍ഡ് പൊലീസ് ലോസ് നിയമഭേദഗതി മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് മറികടക്കുന്നതാണ് പുതിയ നിയമം.

ഓണ്‍ലൈന്‍ ചൂതാട്ടങ്ങളില്‍ പണം നഷ്ടമായി വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരുമടക്കം നിരവധി പേര്‍ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന സാഹചര്യത്തില്‍ പ്രമുഖ ചലച്ചിത്ര താരങ്ങളടക്കം ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ എത്തിയതിനെതിരെയും തമിഴ്‌നാട്ടില്‍ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പൊതുജനാഭിപ്രായം സ്വരൂപിച്ചു.

വിവിധ വിഭാഗം ജനങ്ങളുടെ അഭിപ്രായം ആഭ്യന്തര സെക്രട്ടറിയും സര്‍ക്കാരിന് റിപ്പോര്‍ട്ടായി നല്‍കി. ഇതുകൂടി പരിഗണിച്ചാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്. ഓര്‍ഡിനന്‍സ് നിയമം ആയതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ തരം ഓണ്‍ലൈന്‍ കളികളും തമിഴ്‌നാട്ടില്‍ നിരോധിച്ചു. നിയമം ലംഘിച്ചാല്‍ ചൂതാട്ടം നടത്തുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവ്ശിക്ഷ നല്‍കാം.

ചൂതാട്ട നിരോധനം കൂടാതെ മറ്റ് ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കാന്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള വിരമിച്ച ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് അതോറിറ്റിയും രൂപീകരിക്കും. ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാങ്കില്‍ കുറയാത്ത വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍, ഓണ്‍ലൈന്‍ ഗെയിമിംഗ് വിദഗ്ധന്‍, മനശാസ്ത്രജ്ഞന്‍ എന്നിവരും അതോറിറ്റിയിലുണ്ടാകും.

Related posts:

Leave a Reply

Your email address will not be published.