വിഴിഞ്ഞം തുറമുഖ നിര്‍മാണം നിലച്ചിട്ട് 53 ദിവസം; നൂറ് കോടി നഷ്ടമെന്ന് അദാനി ഗ്രൂപ്പ്

1 min read

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷവും തീരില്ലെന്ന ആശങ്കയുമായി അദാനി ഗ്രൂപ്പ്. മത്സ്യത്തൊഴിലാളികളും ലത്തീന്‍ സഭയും ചേര്‍ന്ന് നടത്തുന്ന ഉപരോധ സമരം കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ട സാഹചര്യത്തിലാണ് തുറമുഖത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത് ഇനിയും നീളുമെന്ന് അദാനി ഗ്രൂപ്പ് അറിയിക്കുന്നത്. ഉപരോധ സമരം കാരണം കഴിഞ്ഞ 53 ദിവസമായി വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം നിലച്ചിരിക്കുകയാണ്. തുറമുഖ നിര്‍മ്മാണത്തില്‍ ഇതുവരെ നൂറ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അദാനിഗ്രൂപ്പ് വിശദീകരിക്കുന്നു. നഷ്ടകണക്കുകള്‍ അദാനി ഗ്രൂപ്പ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കല്ലുകള്‍ എത്തിക്കാന്‍ സാധിക്കുന്നില്ലെന്നും വിഴിഞ്ഞത്തേക്കുള്ള ബാര്‍ജുകളും ടഗ്ഗുകളും വിവിധ തീരങ്ങളില്‍ കുടുങ്ങി കിടക്കുകയാണെന്നും അദാനി ഗ്രൂപ്പ് വക്താക്കള്‍ പറയുന്നു.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അദാനി ഗ്രൂപ്പും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ 2023 മെയ് മാസത്തില്‍ വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ നങ്കൂരമിടും എന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെയാണ് ഓഗസ്റ്റ് 16ന് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളുടെ സമരം ആരംഭിച്ചത്. ഈ സമരം ഇന്ന് 53ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നൂറ് കോടി രൂപയുടെ നഷ്ടം നേരിട്ടുവെന്ന് അദാനി ഗ്രൂപ്പ് പറയുന്നു.

സാധാരണ ഗതിയില്‍ മണ്‍സൂണ്‍ കാലത്ത് വിഴിഞ്ഞത്ത് നിര്‍മ്മാണം നടത്താറില്ല. അതിനാല്‍ കടല്‍ത്തട്ട് പണിക്ക് കൊണ്ടു വരുന്ന ബാര്‍ജുകളും ടഗ്ഗുകളും മറ്റു തുറമുഖങ്ങളിലേക്ക് കൊണ്ടു പോകാറുണ്ട്. എന്നാല്‍ ഇക്കുറി നിര്‍മ്മാണ പ്രവര്‍ത്തനം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഇടപെട്ട് ഈ ടഗ്ഗുകളും ബാര്‍ജ്ജുകളും കൊല്ലത്തും തിരുവനന്തപുരത്തുമായി തുടരുകയായിരുന്നു. ഇങ്ങനെ നിലനിര്‍ത്തിയത് വഴി മാത്രം 57 കോടി നഷ്ടം വന്നെന്ന് അദാനി ഗ്രൂപ്പ് സര്‍ക്കാരിന് നല്‍കിയ കണക്കില്‍ പറയുന്നു. പണി നടക്കാത്ത ദിവസങ്ങളില്‍ തൊഴിലാളികളുടെ ചെലവിനായി രണ്ട് കോടി രൂപയും നല്‍കേണ്ടി വന്നുവെന്ന് കണക്കുകളിലുണ്ട്.

സര്‍ക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഈ നഷ്ടകണക്ക്. അദാനി ഗ്രൂപ്പിന് സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ അവര്‍ സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കേണ്ടതായിട്ടുണ്ട്. ഇതേപോലെ അദാനി ഗ്രൂപ്പിന് നിര്‍മ്മാണം നടത്താന്‍ വേണ്ട സാഹചര്യം ഒരുക്കി നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ തിരിച്ചും നഷ്ടപരിഹാരം നല്‍കണം എന്നാണ് കരാര്‍ വ്യവസ്ഥ.

Related posts:

Leave a Reply

Your email address will not be published.