ഹാസ്യനടൻ രാജു ശ്രീവാസ്തവ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ
1 min readന്യൂഡൽഹി: പ്രമുഖ ഹാസ്യനടൻ രാജു ശ്രീവാസ്തവ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ജിമ്മിൽ വ്യായാമത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ഒരു മാസത്തോളം ചികിത്സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു മരണം.
ജിമ്മിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഓഗസ്റ്റ് 10 ന് ശ്രീവാസ്തവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് എയിംസിലേക്ക് മാറ്റി. അന്നുതന്നെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹത്തെ വെന്റിലേറ്ററിലാക്കിയിരുന്നു.
2005 പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് സ്റ്റാൻഡ് അപ് കോമഡി രംഗത്ത് രാജു ശ്രദ്ധേയനാകുന്നത്. കോമഡി സർക്കസ്, ദി കപിൽ ശർമ ഷോ, ശക്തിമാൻ തുടങ്ങിയ നിരവധി കോമഡി ഷോകളുടെ ഭാഗമായിരുന്നു. മൈനേ പ്യാർ കിയ, തേസാബ്, ബാസിഗർ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു. ഉത്തർപ്രദേശ് ഫിലിം ഡവലപ്മെന്റ് കൗൺസിൽ ചെയർമാനായിരുന്നു.