നിയന്ത്രണം കത്തോലിക്ക സഭയ്ക്ക്; ബി ജെ പി മുന്നണി ലക്ഷ്യമാക്കിപുതിയ ക്രൈസ്തവ സംഘടന

1 min read

കൊച്ചി: കത്തോലിക്കാസഭയുടെ നിയന്ത്രണത്തിൽ ബി ജെ പി മുന്നണി ലക്ഷ്യമാക്കി ക്രൈസ്തവ-ന്യൂനപക്ഷ രാഷ്ട്രീയം പറയാൻ പുതിയ സംഘടന. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടിയായി മാറുന്ന നിലയിലായിരിക്കും പുതിയ ക്രൈസ്തവ സംഘടന രൂപീകരിക്കപ്പെട്ടിട്ടുള്ളത്. പാർട്ടി രൂപീകരിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഇത് എന്‍ ഡി എയുടെ ഭാഗമായി മാറുകയും ചെയ്യും.

വിവിധ രാഷ്ട്രീയ പാർട്ടികളിൽ അസംതൃപ്തരായി കഴിയുന്ന ക്രൈസ്തവ നേതാക്കളാണ് കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ ഒത്തുചേർന്ന് സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. ബി ജെ പിയുടെ ആശീർവാദത്തിലാണ് ഭാരതീയ ക്രൈസ്തവ സംഗമം (ബിസിഎസ്) എന്ന പുതിയ സംഘടനയ്ക്ക് കഴിഞ്ഞ ദിവസം രൂപം കൊടുത്തിരിക്കുന്നത്. കേരളത്തിലെ ക്രൈസ്തവ സഭകളെ മുഴുവന്‍ ഒരുകുടക്കീഴില്‍ കൊണ്ടുവരികയെന്നതാണ് ലക്ഷ്യം. ഇതിലൂടെ ക്രിസ്ത്യന്‍ വോട്ടുകള്‍ പതിയെ എന്‍ ഡി എ മുന്നണിയിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് ബി ജെ പിയും കണക്ക് കൂട്ടുന്നു.

മുന്‍ കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായിരുന്ന ജോർജ് ജെ മാത്യുവാണ് സംഘടനയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. അദ്ദേഹമാണ് ചെയർമാന്‍. 1983-ൽ കേരള കോൺഗ്രസ് വിട്ട് മാതൃസംഘനയായ കോൺഗ്രസിൽ തിരിച്ചെത്തിയ നേതാവ് കൂടിയാണ് ഇദ്ദേഹം. 1977 മുതൽ 1980 വരെ മൂവാറ്റുപുഴ മണ്ഡലത്തിൽനിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ജോർജ് മാത്യു. 1991 മുതൽ 2006 വരെ തുടർച്ചയായ 15 വർഷം കാഞ്ഞിരപ്പള്ളിയിൽ നിന്ന് നിയമസഭാംഗമായിരുന്നു ജോർജ് മാത്യൂവിന് പുറമെ യു ഡി എഫ് ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് നേതാവ് ജോണി നെല്ലൂർ സംഘടനയുടെ മുന്‍ നിരയിലുണ്ട്. ബി ജെ പി നേതാവ് വി വി അഗസ്റ്റിൻ ജനറൽ സെക്രട്ടറിയുമായ സംഘടനയുടെ വൈസ് ചെയർമാൻമാനാണ് ജോണി നെല്ലൂർ. പി.എം. മാത്യു, സ്റ്റീഫൻ മാത്യു എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

മാര്‍ മാത്യു അറയ്ക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്രൈസ്തവർ 15 പാർട്ടിയിലായി ഭിന്നിച്ചു കിടക്കുന്നു. ഇപ്പോഴത്തെ നേതാക്കൾ യോജിപ്പിനെ എതിർത്തേക്കാമെങ്കിലും അണികൾ യോജിക്കാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. അതേസമയം, പുതിയ സംഘടന രൂപീകരണത്തിന്റെ മുന്നോടിയായി വിവിധ ക്രൈസ്തവ മേലധികാരികളുമായി ബി ജെ പി ദേശീയ നേതാക്കള്‍ തന്നെ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നുവെന്ന വാർത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതേ തുടർന്ന് കേരള കോണ്‍ഗ്രസിന്റെ ചില മുതിർന്ന നേതാക്കളും മുന്‍ എം എല്‍ എമാരും മുന്‍എംപിമാരും ചില പ്രമുഖ ക്രിസ്ത്യന്‍ ബിഷപ്പുമാരും യോഗം ചേർന്ന് സംഘടന രൂപീകരിക്കുന്നത് സംബന്ധിച്ച ചർച്ചകളിലേക്ക് കടക്കുകയായിരുന്നു.

ക്രിസ്ത്യന്‍ പിന്തുണയുണ്ടെങ്കില്‍ മധ്യകേരളത്തില്‍ നിർണ്ണായക ശക്തിയായി മാറാന്‍ സാധിക്കുമെന്ന കണക്ക് കൂട്ടലിലാണ് ബി ജെ പി നീക്കം. ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയാക്കുകയെന്ന ലക്ഷ്യത്തോടെ മാണി സി കാപ്പന്‍ എം എല്‍ എയേയും മുന്നണിയിലെത്തിക്കാനുള്ള ശ്രമം ബി ജെ പിക്കുണ്ട്. ബി ജെ പിയുടെ അജണ്ടയുടെ ഭാഗമായി രൂപീകരിക്കപ്പെട്ട സംഘടനയുടെ ഭാഗമായി തങ്ങളുടെ നേതാക്കള്‍ മാറുന്നതില്‍ യു ഡി എഫ് അണികളില്‍ നിന്നും ശക്തമായ എതിർപ്പാണ് ഉയർന്ന് വരുന്നത്.

Related posts:

Leave a Reply

Your email address will not be published.