സര്‍ഫാസി കേന്ദ്രനിയമം; വിദ്യാർഥിനി ജീവനൊടുക്കിയതിൽ റിപ്പോർട്ട് ലഭിച്ചശേഷം നടപടിയെന്ന് വി.എൻ വാസവൻ
1 min readകോട്ടയം: കൊല്ലത്ത് അഭിരാമി എന്ന വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം നടപടിയെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ. സർഫാസി നിയമമാണ് പെൺകുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് മന്ത്രി പറഞ്ഞു.
സഹകരണ വകുപ്പിന്റെ നയമല്ല സർഫാസി നിയമം. കേരള ബാങ്ക് ആർബിഐയുടെ നിയന്ത്രണത്തിലാണ്. അവർക്ക് സർഫാസി നിയമം നടപ്പിലാക്കിയേ പറ്റൂ. സംസ്ഥാന സർക്കാർ സർഫാസിക്ക് അന്നും ഇന്നും എതിരാണെന്നും വാസവൻ പറഞ്ഞു. പെൺകുട്ടിയുടെ മരണത്തിൽ ദുഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീടിന്റെ ജപ്തി സംബന്ധിച്ച് ബാങ്കിൽ നിന്ന് നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർഥിനി തൂങ്ങി മരിച്ചത്. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയായിരുന്നു ആത്മഹത്യ. ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച അഭിരാമി. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് പതാരത്തുനിന്നുള്ള ബാങ്ക് അധികൃതരും കേരള ബാങ്ക് ജില്ലാതല ഉദ്യോഗസ്ഥരും പൊലീസുമായി എത്തി നോട്ടീസ് പതിച്ചത്. ഈ സമയം വീട്ടില്‍ പ്രായമായ ഒരാള്‍ മാത്രമാണുണ്ടായിരുന്നത്.
അധികൃതര്‍ തിരിച്ച് ബാങ്കിലെത്തിയപ്പോഴേക്കും അജിയും ഭാര്യയും ബാങ്കിലെത്തി. ഇതിനിടെ വൈകീട്ട് കോളജിൽനിന്ന് എത്തിയ അഭിരാമി ജപ്തി നോട്ടീസ് പതിച്ച വിവരം അറിഞ്ഞ് മനോവിഷമത്തിലായി. പിന്നാലെ ആത്മഹത്യ ചെയ്തു. അജിയും ഭാര്യയും ബാങ്ക് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനിടെയാണ് മകൾ മരിച്ച വിവരം ഫോണ്‍ വഴി അറിയുന്നത്.
—