അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയേക്കില്ല; പരിഗണനയില്‍ മുകുള്‍ വാസ്നിക്കും ദിഗ് വിജയ് സിംഗും
1 min readന്യൂഡൽഹി: അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയേക്കില്ല. വിമത പ്രശ്നം ഉയര്‍ത്തി സച്ചിന് പൈലറ്റ് രാജസ്ഥാന് മുഖ്യമന്ത്രിയാകുന്നത് ഗെലോട്ട് വെട്ടിയതോടെയാണ് ഗെലോട്ടിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡിനു മനംമാറ്റം വന്നത്. മുകുള്‍ വാസ്നിക്കും ദിഗ് വിജയ് സിംഗുമാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. തന്നെ മുഖ്യമന്ത്രിയാകുന്നതില്‍ നിന്നും വെട്ടിയതോടെ ഗെലോട്ടിനെതിരെ സച്ചിന് പൈലറ്റ് പ്രിയങ്ക ഗാന്ധിയെ കണ്ട് പരാതി അറിയിച്ചിട്ടുമുണ്ട്.
അധ്യക്ഷസ്ഥാനത്തേക്ക് തനിക്കും മത്സരിക്കാൻ അർഹതയുണ്ടെന്നും ആർക്കും മത്സരിക്കാമെന്നും 30 വരെ കാത്തിരിക്കൂവെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുത്താൽ അശോക് ഗെഹ്ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരുമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. ഗാന്ധി കുടുംബത്തിൽ നിന്ന് മത്സരിക്കാൻ ആരുമില്ലെന്നത് ആശങ്കാജനകമല്ല. മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് മത്സരിക്കാൻ അവകാശമുണ്ട്. ഒരു വ്യക്തിക്ക് മത്സരിക്കാൻ താൽപ്പര്യമില്ലെങ്കിൽ, അവരെ മത്സരിക്കാൻ നിർബന്ധിക്കാൻ കഴിയില്ലെന്നും സിംഗ് പറഞ്ഞു.
അതേസമയം, സച്ചിന് പൈലറ്റിനെ രാജസ്ഥാന് മുഖ്യമന്ത്രിയായി അംഗീകരിക്കാനാകില്ലെന്നാണ് ഗെഹ്ലോട്ടിന്റെ നിലപാട്. പാര്‍ട്ടി വിശ്വസ്തര്‍ക്ക് മാത്രമേ മുഖ്യമന്ത്രി കസേര നല്കു. പാര്‍ട്ടിയെ വഞ്ചിക്കാന്‍ ശ്രമിച്ചവര്‍ക്കായി മാറില്ലെന്ന് ഗെലോട്ട് പറയുന്നു.