നിയമസഭാ കൈയാങ്കളി കേസിൽ ഹാജരായി; കോടതിയില്‍ കുറ്റം നിഷേധിച്ച് ഇ.പി.ജയരാജന്
1 min readതിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ ജയരാജൻ കോടതിയിൽ കുറ്റം നിഷേധിച്ചു. കേസില്‍ ഇന്നു തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരായപ്പോഴാണ് ജയരാജന് കുറ്റം നിഷേധിച്ചത്.
ജയരാജനെതിരായ കുറ്റപത്രം കോടതി വായിച്ചുകേൾപ്പിച്ചു. പിന്നാലെ വിചാരണ തുടങ്ങാൻ ഒരുമാസത്തെ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇതോടെ കേസ് അടുത്ത മാസം 26ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
കേസ് അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ആസൂത്രിത നീക്കമാണെന്ന് ഇ.പി. ജയരാജൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസുകാരാണ് നിയമസഭയിൽ പ്രശ്നമുണ്ടാക്കിയത്. ഭരണകക്ഷിക്കാർ സംഘടിതമായി പ്രതിപക്ഷത്തിന് നേരെ അതിക്രമം നടത്തി. വനിതാ അംഗങ്ങളെയും വി. ശിവൻകുട്ടിയെയും കോൺഗ്രസ് എംഎൽമാർ മർദിച്ചു. ഇതോടെയാണ് പ്രതിപക്ഷ അംഗങ്ങൾ പ്രതികരിച്ചതെന്നും ജയരാജൻ പറഞ്ഞു.
ഗവർണർക്കെതിരേയും ജയരാജൻ വിമർശനം നടത്തി. ഗവർണർ സ്വീകരിക്കുന്ന നിലപാട് ഭരണത്തെ സഹായിക്കുന്നതല്ല, അലങ്കോലപ്പെടുത്തുകയാണ്. ആർഎസ്എസിനെ സഹായിക്കാൻ മാത്രമാണ് ഗവർണർ പ്രസ്താവന നടത്തുന്നതെന്നും ജയരാജൻ പറഞ്ഞു.