രാത്രി വൈകി; മൈക്കിനു നിയന്ത്രണം രാജസ്ഥാനിൽ റാലിയെ അഭിസംബോധന ചെയ്യാതെ നരേന്ദ്ര മോദി

1 min read

ജയ്പുർ: രാത്രി വൈകിയെന്നു ചൂണ്ടിക്കാട്ടി രാജസ്ഥാനിൽ റാലിയെ അഭിസംബോധന ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. സമയം പത്ത് മണി കഴിഞ്ഞുവെന്നു ചൂണ്ടിക്കാട്ടിയാണ് പ്രസംഗത്തില്‍ നിന്നും പ്രധാനമന്ത്രിപിന്‍വാങ്ങിയത്. രാജസ്ഥാനിലെ സിറോഹിയിൽ അബു റോഡ് മേഖലയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിയെ അഭിസംബോധന ചെയ്യേണ്ടിയിരുന്നത്. തിരക്കു മൂലം വൈകിയെത്തിയതോടെയാണ് പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്യാതെ മടങ്ങിയത്.ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, വിരുന്നു ഹാൾ, അടിയന്തര യോഗങ്ങൾ നടക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ അല്ലാതെ രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമം.

വേദിയിൽ തടിച്ചുകൂടിയ ജനത്തോട് ക്ഷമാപണം നടത്തിയ പ്രധാനമന്ത്രി മോദി, വീണ്ടും സിറോഹിയിൽ വരുമെന്നും അവർക്ക് ഉറപ്പു നൽകി. ‘‘ഇവിടെയെത്താൻ വൈകിപ്പോയി. ഇപ്പോൾ സമയം രാത്രി പത്തായി. നിയമവും ചട്ടങ്ങളും അനുസരിക്കുന്നതാണ് ഉചിതമെന്ന് എന്റെ മനസ്സു പറയുന്നു. അതുകൊണ്ട് നിങ്ങളോട് ക്ഷമ ചോദിക്കുന്നു’ – ഉച്ചഭാഷിണി ഉപയോഗിക്കാതെ മോദി വ്യക്തമാക്കി.

‘‘പക്ഷേ, ഒരു കാര്യം നിങ്ങൾക്ക് ഞാൻ ഉറപ്പു നൽകുന്നു. ഇതിനു പകരം മറ്റൊരു ദിവസം ഞാൻ ഇവിടെ വന്ന് നിങ്ങൾ എന്നോടു കാണിച്ച സ്നേഹത്തിനും വാത്സല്യത്തിനും പലിശസഹിതം തിരികെ നൽകും’ – മോദി പറഞ്ഞു.

ഇതിനു ശേഷം ‘ഭാരത് മാതാ കീ ജയ്’ എന്ന് മോദി ഉറക്കെ വിളിച്ചപ്പോൾ, ജനം കൂട്ടത്തോടെ അതേറ്റു ചൊല്ലി. ദക്ഷിണ രാജസ്ഥാനിലെ സിറോഹി, ദുങ്ഗാർപുർ, ബൻസ്‌വാര, ചിറ്റോർഗഡ്, പ്രതാപ്ഗഡ്, പാലി, ഉദയ്പുർ തുടങ്ങിയ ജില്ലകളിൽ നിന്നുള്ള ആളുകളാണ് റാലിയിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ഗുജറാത്തുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. രാജസ്ഥാനിലും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുകയാണ്.

Related posts:

Leave a Reply

Your email address will not be published.