‘മാംസം കഴിക്കുന്ന പുരുഷന്‍മാര്‍ക്ക് സ്ത്രീകള്‍ സെക്‌സ് നിഷേധിക്കണം’
1 min readന്യൂയോര്‍ക്ക്: മാംസം കഴിക്കുന്ന പുരുഷന്‍മാര്‍ക്കൊപ്പം ലൈംഗിക ബന്ധംപാടില്ലെന്നും അവര്‍ക്ക് സെക്‌സ് നിഷേധിക്കണമെന്നും ആഗോള മൃഗസ്‌നേഹികളുടെ സംഘടനയായ പെറ്റ. പെറ്റയുടെ ജര്‍മന്‍ പ്രതിനിധി ഡോക്ടര്‍ കാരിസ് ബെനറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെറ്റയുടെ പ്രസ്താവനയ്‌ക്കെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
ശാസ്ത്ര മാസികയായ പ്ലോസ് വണ്ണില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടിയാണ് പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സിന്റെ ഈ നിര്‍ദേശം. പഠനം അനുസരിച്ച് സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് കാലാവസ്ഥാ ദുരന്തങ്ങള്‍ക്ക് കാരണക്കാരാകുന്നത്. മാംസാഹാര ശീലം വഴി 41 ശതമാനം അധികം ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തിന് ഇടയാക്കുന്നുവെന്ന് പഠനത്തില്‍ പറയുന്നുണ്ടെന്നും പെറ്റ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
മാംസം ചുട്ടുകഴിക്കുന്ന പുരുഷന്‍മാരേയാണ് പ്രധാനമായും പെറ്റ വിമര്‍ശിക്കുന്നത്. ‘ബിയര്‍ ബോട്ടില്‍ കൈയില്‍ പിടിച്ച്, വില കൂടിയ ഗ്യാസ് ഗ്രില്ലുകളില്‍ പുരുഷന്‍മാര്‍ മാംസം പാചകം ചെയ്യുന്നു. ഇറച്ചി തിന്നുന്നതുകൊണ്ട് തങ്ങളുടെ പൗരുഷം തെളിയിക്കാന്‍ ആകുമെന്നാണ് ഈ ബാര്‍ബെക്യൂ മാസ്റ്റര്‍മാരുടെ വിചാരം. ഇതു മൃഗങ്ങളെ മാത്രമല്ല, ഭൂലോകത്തെ തന്നെ ദോഷകരമായി ബാധിക്കുന്നു.’ പെറ്റ കുറ്റപ്പെടുത്തുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുരുഷന്‍മാര്‍ക്ക് 41 ശതമാനം ഇറച്ചി നികുതിയും ഏര്‍പ്പെടുത്തണമെന്നും പെറ്റ ആവശ്യപ്പെടുന്നു.