കണ്ണൂരില്‍ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന; വീടുകളും വ്യാപാരകേന്ദ്രങ്ങളും പരിശോധിക്കുന്നു
1 min readകണ്ണൂർ: ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന. മട്ടന്നൂര്‍, പാലോട്ടുപളളി, നടുവനാട് എന്നിവിടങ്ങളിലാണ് റെയ്ഡ്. വീടുകളും വ്യാപാരകേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന. ഹർത്താൽ ആക്രമണങ്ങളിലെ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികളുടെ സാമ്പത്തിക സ്രോതസ്സും അന്വേഷിക്കുന്നുണ്ട്.
ഹര്‍ത്താല്‍ ദിനത്തിലെ അക്രമസംഭവങ്ങള്‍ സമാന സ്വഭാവമുള്ളതായിരുന്നതിനാല്‍ ഇത് കൃത്യമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണെന്നാണ് പോലീസ് സംശയിക്കുന്നത്. പലയിടത്തും ആക്രമണത്തിനായി പെട്രോള്‍ ബോംബ് ഉപയോഗിച്ചിരുന്നു. ഇതാണ് പോലീസിന്റെ സംശയത്തിന് കാരണം. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്ഥാപനങ്ങളില്‍വെച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് പോലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
ഹർത്താൽ അക്രമത്തിൽ സംസ്ഥാനത്ത് 1,287 പേരെ അറസ്റ്റ് ചെയ്തു. ഇതുവരെ 308 കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 834 പേർ കരുതൽ തടങ്കലിലാണ്. കോട്ടയത്താണു കൂടുതൽ അറസ്റ്റ് 215. പത്തനംതിട്ടയിൽനിന്ന് തിരുവനന്തപുരത്തേക്കുപോയ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞതിന് 2 പേർ അറസ്റ്റിലായി. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ തടി മാർക്കറ്റിനു സമീപം കെഎസ്ആർടിസി ബസിന്റെ ചില്ലു തകർത്ത കേസിൽ 3 പേരും ചാവക്കാട്ട് സ്കൂട്ടറിൽ സഞ്ചരിച്ച് വാഹനങ്ങൾ ആക്രമിച്ച കേസിൽ 2 പേരും അറസ്റ്റിലായിട്ടുണ്ട്. കോഴിക്കോട് 5 പേർ കൂടി അറസ്റ്റിലായി.