പഞ്ചാബ് അതിര്‍ത്തിയില്‍ ഡ്രോണ്‍; സുരക്ഷസേന വെടിയുതിര്‍ത്തു
1 min readഛണ്ഡീഗഢ്: പഞ്ചാബ് അതിര്‍ത്തിയില്‍ ഡ്രോണ്‍ കണ്ടതിനെ തുടര്‍ന്ന് സുരക്ഷ സേന വെടിയുതിര്‍ത്തതായി സൂചന. പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ സെക്ടറില്‍ പാകിസ്താനില്‍ നിന്നും ഒരു ഡ്രോണ്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നതിനെത്തുടര്‍ന്നാണ് വെടിയുതിര്‍ത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആകാശത്ത് മൂളല്‍ ശബ്ദം കേട്ടതിനെത്തുടര്‍ന്ന് വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഡ്രോണ്‍ വഴി എന്തെങ്കിലും വസ്തുക്കള്‍ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ പ്രദേശത്ത് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പാകിസ്താനില്‍ നിന്നും കടത്തിയ ഹെറോയിനെന്ന് സംശയിക്കുന്ന രാസവസ്തു അതിര്‍ത്തി രക്ഷാ സേനാ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം. തിങ്കളാഴ്ച അഫ്ഗാനിസ്താനില്‍ നിന്നുള്ള ഉണങ്ങിയപഴങ്ങള്‍ നിറച്ച പാക് ട്രക്ക് പരിശോധിക്കുമ്പോഴാണ് കള്ളക്കടത്ത് ശ്രദ്ധയില്‍പ്പെട്ടത്. ഇരുമ്പു പ്ലേറ്റില്‍ കാന്തമുപയോഗിച്ച് മഡ് ഗാര്‍ഡില്‍ ഘടിപ്പിച്ച രൂപത്തിലായിരുന്നു ഹെറോയിന്‍.
പഞ്ചാബ് അതിര്‍ത്തിയിലൂടെയാണ് ആയുധങ്ങളും, മയക്കുമരുന്നും മറ്റു നിരോധിത വസ്തുക്കളും വ്യാപകമായി രാജ്യത്തേക്ക് കടത്തുന്നതെന്ന് വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇത്തരത്തില്‍ നിരവധി കേസുകളാണ് അതിര്‍ത്തി സുരക്ഷാ സേനാ പിടികൂടിയിട്ടുള്ളത്.