ആര്‍എസ്എസ് വിജയദശമി ആഘോഷത്തില്‍ മുഖ്യാതിഥിയായി വനിത; ഇത് ചരിത്രത്തില്‍ ആദ്യം

1 min read

നാഗ്പുര്‍: ആര്‍എസ്എസിന്റെ വിജയദശമി ആഘോഷവേളയില്‍ ചരിത്രത്തിലാദ്യമായി മുഖ്യാതിഥിയായി ഒരു വനിത. . പര്‍വതാരോഹക സന്തോഷ് യാദവാണ് ആര്‍.എസ്.എസിന്റെ നാഗ്പുറില്‍ നടന്ന വിജയദശമി ആഘോഷത്തില്‍ മുഖ്യാതിഥിയായത്.

ആഘോഷം ഉദ്ഘാടനം ചെയ്ത ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്, ശസ്ത്രപൂജയും നിര്‍വഹിച്ചു. എവറസ്റ്റ് പര്‍വതം രണ്ടുവട്ടം കീഴടക്കിയ ആദ്യവനിതയെന്ന ലോക റെക്കോഡ് കരസ്ഥമാക്കിയ വ്യക്തിയാണ് സന്തോഷ് യാദവ്‌.

ആദ്യമായി അവര്‍ എവറസ്റ്റ് കീഴടക്കിയത് 1992 മേയിലാണ്. പിന്നീട് 1993-ല്‍ മേയില്‍ വീണ്ടും പര്‍വതഭീമനെ കീഴടക്കി. 1994-ല്‍ നാഷണല്‍ അഡൈ്വവഞ്ചര്‍ പുരസ്‌കാരത്തിന് അര്‍ഹയായ സന്തോഷ് യാദവിനെ 2000-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

ജനസംഖ്യാ നിയന്ത്രണം ഇന്ത്യയില്‍ ആവശ്യമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. മതത്തെ അടിസ്ഥാനമാക്കിയുള്ള ജനസഖ്യാ അസന്തുലിതാവസ്ഥ അവഗണിക്കാന്‍ കഴിയാത്ത വിഷയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിജയദശമി ദിനത്തില്‍ നാഗ്പുരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരിയറിന് ഇംഗ്ലീഷ് പ്രധാനമാണ് എന്നത് ഒരു മിഥ്യയാണ്. പുതിയ വിദ്യാഭ്യാസ നയം വിദ്യാര്‍ത്ഥികളെ ഉയര്‍ന്ന സംസ്‌കാരമുള്ളവരും രാജ്യസ്നേഹത്താല്‍ പ്രചോദിതരായ നല്ല മനുഷ്യരുമായി മാറുന്നതിലേക്ക് നയിക്കണം- ഇതാണ് എല്ലാവരുടെയും ആഗ്രഹം. സമൂഹം ഇതിനെ സജീവമായി പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ജനസംഖ്യയ്ക്ക് വരുമാന വിഭവങ്ങള്‍ ആവശ്യമാണ്. വിഭവങ്ങള്‍ കെട്ടിപ്പടുക്കാതെ ജനസംഖ്യ വളര്‍ന്നാല്‍ അത് ഒരു ബാധ്യതയാകും. ജനസംഖ്യയെ ആസ്തിയായി കണക്കാക്കുന്ന മറ്റൊരു വീക്ഷണമുണ്ട്. രണ്ട് വശങ്ങളും മനസ്സില്‍ വെച്ചുകൊണ്ട് എല്ലാവര്‍ക്കുമായി ഒരു ജനസംഖ്യാ നയത്തില്‍ നാം പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു. മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥ അവഗണിക്കാനാവാത്ത വിഷയമാണ്. ഇത് ഭൂമിശാസ്ത്രപരമായ അതിരുകളില്‍ മാറ്റം വരുത്തും. ജനനനിരക്കിലെ വ്യത്യാസങ്ങള്‍ക്കൊപ്പം, ബലപ്രയോഗത്തിലൂടെയും നുഴഞ്ഞുകയറ്റത്തിലൂടെയുമുള്ള പരിവര്‍ത്തനങ്ങളും വലിയ കാരണങ്ങളാണ്.

ജനങ്ങള്‍ തെറ്റിനെതിരെ ശബ്ദം ഉയര്‍ത്തണം. എന്നാല്‍ നിയമത്തിന്റെ ചട്ടക്കൂടില്‍ നിന്ന് കൊണ്ടേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. തെറ്റിനെതിരെ ശബ്ദം ഉയര്‍ത്തുന്നത്‌ സാധാരണമാകണം. നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.