പ്രധാനമന്ത്രി ഉസ്‌ബെക്കിസ്ഥാനിലേക്ക്, ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയേക്കും.

1 min read

ദില്ലി : ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് ഉസ്‌ബെക്കിസ്ഥാനിലേക്ക് പോകും. നരേന്ദ്രമോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തുമോയെന്നത് സ്ഥിരീകരിക്കാന്‍ വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ഖ്വാത്ര തയ്യാറായില്ല. ചില നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നും ആരൊക്കെയെന്നത് പിന്നീട് അറിയിക്കാമെന്നും വിദേശകാര്യസെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യ ചൈന അതിര്‍ത്തിയിലെ ഗോഗ്ര ഹോട്ട്‌സ്പ്രിംഗ്‌സ് മേഖലയില്‍ നിന്നുള്ള സേന പിന്‍മാറ്റത്തിനു ശേഷമുള്ള സ്ഥിതി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ വിലയിരുത്തി. കൂടിക്കാഴ്ച നടന്നാല്‍ രണ്ടായിരത്തി ഇരുപതിന് മുമ്പുള്ള സാഹചര്യം യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ പുനസ്ഥാപിക്കണം എന്ന നിര്‍ദ്ദേശം നരേന്ദ്ര മോദി മുന്നോട്ടു വയ്ക്കും. ചൈനീസ് ആപ്പുകള്‍ക്കും കമ്പനികള്‍ക്കും എതിരായി ഇന്ത്യയുടെ നടപടി ഷി ജിന്‍പിങ് ഉന്നയിക്കുമെന്ന സൂചനയാണ് ചൈനീസ് മാധ്യങ്ങള്‍ നല്കുന്നത്.

രണ്ട് ദിവസമായാണ് യോഗം നടക്കുന്നത്. ഇരുപത് വര്‍ഷത്തോളം നീണ്ട എസ്!സിഒ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം ഭാവിയിലെ പ്രവ!ര്‍ത്തനങ്ങളെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ, ഉസ്‌ബെക്കിസ്ഥാന്‍, ഇറാന്‍ രാജ്യ തലവന്‍മാരുമായി നയതന്ത്രതല ചര്‍ച്ച നടത്തുകയും ചെയ്യും. റഷ്യയുമായി വ്യാപാരം, ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി അടക്കമുള്ള വിഷയങ്ങളില്‍ മോദി ചര്‍ച്ച നടത്തും. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ കുറിച്ച് സൂചനകള്‍ ഉണ്ടെങ്കിലും ഔദ്യോഗികമായി ഇക്കാര്യത്തില്‍ അറിയിപ്പുണ്ടായിട്ടില്ല.

Related posts:

Leave a Reply

Your email address will not be published.