ഗെലോട്ടിന്റെ സാധ്യത മങ്ങി; അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം തരൂരും ദിഗ്വിജയ് സിങ്ങും തമ്മിലായേക്കും

1 min read

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂരും ദിഗ്വിജയ് സിങ്ങും തമ്മില്‍ മത്സരത്തിനു അരങ്ങൊരുങ്ങുന്നു. മുതിര്‍ന്നനേതാവ് ദിഗ്വിജയ് സിങ് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രികൂടിയായ സിങ് ഇന്ന് നാമനിര്‍ദേശ പത്രിക വാങ്ങി. അധ്യക്ഷസ്ഥാനത്തേക്ക് നാളെ പത്രിക സമര്‍പ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് മത്സരരംഗത്തുനിന്ന് പിന്മാറിയോ എന്നത് ഇപ്പോഴും വ്യക്തമല്ല.

ഒക്ടോബര്‍ 17-ന് നടക്കുന്ന അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം വെള്ളിയാഴ്ചയാണ്. കേരളത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിലായിരുന്ന ദിഗ്വിജയ് സിങ് ബുധനാഴ്ച വൈകീട്ട് ഡല്‍ഹിയിലെത്തിയിരുന്നു. അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്.

ഇതിനിടെ, തനിക്ക് പിന്തുണ കൂടിവരികയാണെന്ന് തരൂര്‍ ട്വിറ്ററില്‍ സൂചിപ്പിച്ചു. പ്രശസ്ത ഉറുദു കവി മജ്റൂഹ് സുല്‍ത്താന്‍പുരിയുടെ വരികളാണ് ഇതിനായി തരൂര്‍ പങ്കുവെച്ചത്. ”ഞാന്‍ ഒറ്റയ്ക്ക് ലക്ഷ്യത്തിലേക്ക് നടന്ന് തുടങ്ങി, ആളുകള്‍ അതിനൊപ്പം ചേര്‍ന്നു, ഒരാള്‍ക്കൂട്ടമായി മാറി” എന്ന വരികളാണ് തരൂര്‍ പങ്കുവെച്ചത്.

ബുധനാഴ്ച ഡല്‍ഹിയിലെത്തി സോണിയയെ കണ്ട് ചര്‍ച്ച നടത്താനിരുന്ന ഗെലോട്ട് അവസാനനിമിഷം തീരുമാനം മാറ്റിയിരുന്നു. ഇന്ന് ഗെലോട്ട് സോണിയ ഗാന്ധിയെ കണ്ട് രാജസ്ഥാനിലെ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തും. പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദേശങ്ങളും പറയും. ഇക്കാര്യത്തില്‍ സോണിയ ഗാന്ധി എടുക്കുന്ന തീരുമാനം നിര്‍ണായകമാണ്.

Related posts:

Leave a Reply

Your email address will not be published.