മകളുമൊത്ത് യുവാവ് പെരിയാറ്റില്‍ ചാടി; കണ്ടുകിട്ടിയില്ല; തിരച്ചില്‍ ഊര്‍ജ്ജിതം

1 min read

ചെങ്ങമനാട്: മാർത്താണ്ഡവർമ പാലത്തിന് മുകളിൽ നിന്ന് പെരിയാറിൽ ചാടിയ യുവാവിനെയും ആറ് വയസുകാരിയായ മകളെയും കാണാതായി. ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടിൽ എം.സി ലൈജു (36), ഇളയ മകൾ ഒന്നാം ക്ലാസിൽ പഠിക്കുന്ന ആര്യ നന്ദയെയുമാണ് കാണാതായത്. ലൈജുവിനുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതയാണ് കൃത്യത്തിനിടയാക്കിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

വീടിനടുത്തുള്ള പുതുവാശ്ശേരി കവലയിൽ വാടക കെട്ടിടത്തിൽ സാനിറ്ററി ഷോപ്പ് നടത്തുകയാണ് ലൈജു. സവിത അഞ്ച് വർഷത്തോളമായി ദുബൈയിൽ ബ്യൂട്ടീഷ്യനായി ജോലി ചെയ്തുവരികയാണ്. വ്യാഴാഴ്ച രാവിലെ അത്താണി അസീസി സ്കൂളിൽ പഠിക്കുന്ന ആര്യയെ ലൈജു സ്കൂട്ടറിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. സാധാരണ സ്കൂൾ ബസിലാണ് ആര്യയെ അയക്കാറുള്ളത്. വ്യാഴാഴ്ച രാവിലെ അത്താണി ഭാഗത്തേക്ക് പോകുന്നുണ്ടെന്ന് പറഞ്ഞാണ് ലൈജു മകളെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടു പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്.

മണിക്കൂറുകൾക്കു ശേഷമാണ് കുഞ്ഞിനൊപ്പം ലൈജു പെരിയാറിൽ ചാടിയ വാർത്ത പുറത്തുവന്നത്. മകന്‍റെ ജന്മദിനം ആഘോഷിക്കാൻ അടുത്ത മാസം നാട്ടിൽ വരുമെന്നായിരുന്നു സവിത അറിയിച്ചിരുന്നതെങ്കിലും രോഗ ബാധിതയായ അമ്മ അവശനിലയിലായതിനാൽ വ്യാഴാഴ്ച ഉച്ചയോടെ നാട്ടിലെത്തിയിരുന്നു. അതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. മൂത്ത മകൻ അദ്വൈദേവ് ആലുവ വിദ്യാധിരാജ വിദ്യാഭവൻ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.

Related posts:

Leave a Reply

Your email address will not be published.