പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നഷ്ടപരിഹാരം ഈടാക്കാം; നഷ്ടപരിഹാരത്തുക കെട്ടിവെച്ച ശേഷം മാത്രം പ്രവര്‍ത്തകര്‍ക്ക് ജാമ്യം

1 min read

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നഷ്ടപരിഹാരം ഈടാക്കാന്‍ ഉത്തരവിടാമെന്ന് ഹൈക്കോടതി. harthaal ആഹ്വാനം ചെയ്തവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാമെന്നും ഹൈക്കോടതി പറഞ്ഞു. മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കും. തുക കെട്ടിവെച്ചാല്‍ മാത്രം ജാമ്യം നല്‍കിയാല്‍ മതിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

നഷ്ടപരിഹാരത്തുക കെട്ടിവെച്ച ശേഷമേ ജാമ്യം നല്‍കാവൂ, അല്ലാത്തപക്ഷം സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.ഹര്‍ത്താലിന്റെ പേരില്‍ സമരക്കാര്‍ സംസ്ഥാനത്ത് 5.6 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചിരുന്നു. നഷ്ടപരിഹാരം ഈടാക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ആവശ്യം.

ഹര്‍ത്താലുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഹര്‍ത്താല്‍ നടത്താന്‍ ഏഴ് ദിവസം മുന്‍പ് കോടതി അനുമതി വാങ്ങണമെന്ന കോടതി നിര്‍ദേശം ലംഘിച്ചുവെന്നതിന്‍റെ പേരില്‍ കോടതിയലക്ഷ്യത്തിനായിരുന്നു കേസെടുത്തത്.

Related posts:

Leave a Reply

Your email address will not be published.