ഇലന്തൂര്‍ നരബലി; കൂടുതല്‍ മരണങ്ങളുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി; തെളിവെടുപ്പ് ഇന്ന്

1 min read

തിരുവനന്തപുരം: ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ കൂടുതല്‍ മരണങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി !ഡിജിപി അനില്‍കാന്ത്. കൂടുതല്‍ മൃതദ്ദേഹങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. വിശദമായി തന്നെയാണ് അന്വേഷണം നടക്കുന്നതെന്നും തെളിവെടുപ്പ് ഇന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വീട്ടുവളപ്പില്‍ കൂടുതല്‍ കുഴികളെടുത്ത് പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മൃതദേഹം കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ പൊലീസ് നായ്കളും ജെസിബി അടക്കമുള്ള യന്ത്രസംവിധാനങ്ങളും ഉപയോഗിച്ചുള്ള വിശദമായ തെരച്ചിലിനാണ് പൊലീസ് തയ്യാറെടുക്കുന്നത്. മറ്റേതെങ്കിലും മൃതദേഹങ്ങള്‍ മറവു ചെയ്‌തോ എന്ന് കണ്ടെത്താനാണ് ഇത്രയും വലിയ തെരച്ചില്‍ നടത്തുന്നത്. മൂന്ന് പ്രതികളും മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയെങ്കില്‍ അവരുടെ മൃതദേഹം ഈ വീട്ടുവളപ്പില്‍ തന്നെയാവും കുഴിച്ചിട്ടിരിക്കുക എന്ന നിഗമനത്തിലാണ് കുഴിയെടുത്ത് സംശയം തീര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചത്.

നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളേയും എറണാകുളം പൊലീസ് ക്ലബില്‍ ചോദ്യം ചെയ്തു വരികയാണ്. മുഖ്യപ്രതിയായ ഷാഫി ചോദ്യം ചെയ്യല്ലുമായി തീരെ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാളില്‍ നിന്നും കാര്യമായി വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ലൈലയേയും ഭഗവല്‍ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തതില്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവര്‍ പറയുന്നില്ലെങ്കിലും ഇവര്‍ എന്തോ മറച്ചുവയ്ക്കുന്നു എന്ന സംശയത്തിലാണ് വിശദമായ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്. പ്രതികളെ മൂന്ന് പേരേയും ഇലന്തൂരിലെ വീട്ടിലെത്തിച്ച് അവരുടെ സാന്നിധ്യത്തിലാവും പരിശോധനയും കുഴിയെടുക്കലും. അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പും ഇന്ന് നടക്കും.

ഷാഫിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു. ഇരകളെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ അഭരണങ്ങള്‍ പണയപ്പെടുത്തിയതിന്റെ അടക്കം രേഖകളാണ് കിട്ടിയത്. ഷാഫിയുടെ കൊച്ചിയിലെ വീട്ടിലും ഹോട്ടലിലും പൊലീസ് പരിശോധന നടത്തി. ഇക്കഴി!ഞ്ഞ സെപ്റ്റംബര്‍ 26 ന് തമിഴ്‌നാട് സ്വദേശിനിയായ പദ്മയെ കൊലപ്പെടുത്തിയശേഷം ഇവരുടെ നാലര പവന്‍ ആഭരണങ്ങള്‍ കൊച്ചി ഗാന്ധി നഗറിലെ സ്ഥാപനത്തില്‍ പണയം വെച്ചെന്നാണ് ഷാഫിയുടെ മൊഴി. ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയ അന്വേഷണസംഘം ഭാര്യയെ ചോദ്യം ചെയ്തു.

ഒരു ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ആഭണങ്ങള്‍ പണയപ്പെടുത്തിയത്. ഇതില്‍ നാല്‍പതിനായിരം രൂപ വിവിധ ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് ഭാര്യയെ ഏല്‍പിച്ചു. വാഹന ഇടപാടില്‍ കിട്ടിയ പണമാണെന്നാണ് വീട്ടില്‍ പറഞ്ഞിരുന്നത്. ഇതുകൂടാതെ മറ്റ് ചില സ്വര്‍ണാഭരണങ്ങളും പണയം വെച്ചതിന്റെ രേഖകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇത് ആരുടെ ആഭരണങ്ങളാണ് എന്നത് സംബന്ധിച്ചും അന്വേഷണം തുടരുന്നു.

Related posts:

Leave a Reply

Your email address will not be published.