എല്‍ദോസ് കുന്നപ്പിള്ളിലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍: ഹര്‍ജി തള്ളിയാല്‍ അറസ്റ്റിനൊരുങ്ങി പൊലീസ്
1 min readതിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായകം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എല്‍ദോസ് എംഎല്‍എ പരാതിക്കാരിയായ യുവതിയെ പലസ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമാണ് കേസ്.
പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരിയുടെ മൊഴിയും നിലവില്‍ ശേഖരിച്ച തെളിവുകളും കോടതിയി ഹാജരാക്കിയിട്ടുണ്ട്. എംഎല്‍എയ്ക്ക് ജാമ്യം നല്‍കരുതെന്ന കടുത്ത നിലപാട് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ സ്വീകരിക്കും. എന്നാല്‍ യുവതി നല്‍കിയ പരാതിയിലെ വൈരുദ്ധ്യമാകും പ്രതിഭാഗം ജാമ്യം നേടിയെടുക്കാനായി ഉന്നയിക്കുക.
തന്നെ എംഎല്‍എ കയ്യേറ്റം ചെയ്തുവെന്നായിരുന്നു കോവളം പൊലീസില്‍ യുവതി ആദ്യം നല്‍കിയ പരാതി. പിന്നീടാണ് മൊഴി മാറ്റി പീഡിപ്പിച്ചെന്ന പരാതി നല്‍കിയതെന്നും പരാതിക്കാരി നിരവധി കേസുകളില്‍ പ്രതിയാണെന്നു പ്രതിഭാഗം ഉന്നയിക്കും.
ഇതേസമയം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. അദ്ദേഹത്തിന്റെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. പൊതുപരിപാടികളില്‍ നിന്ന് നാല് ദിവസമായി എംഎല്‍എ വിട്ടു നില്‍ക്കുകയാണ്. നേതാക്കള്‍ക്കോ പ്രവര്‍ത്തര്‍കര്‍ക്കോ എംഎല്‍എ എവിടെയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പരാതിക്കാരിയായ യുവതി എല്‍ദോസിന്റെ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് എംഎല്‍എയുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ ഇതുവരെയും പൊലീസിന് മുന്‍പാകെ ഹാജരായി മൊഴി നല്‍കാന്‍ തയ്യാറായിട്ടില്ല.
ഈ മാസം ഇരുപതിന് മുന്‍പ് സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എല്‍ദോസ് എംഎല്‍എയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്ര ഗുരുതരമായൊരു കേസ് ഉയര്‍ന്നു വന്നിട്ടും എംഎല്‍എ കോണ്‍ഗ്രസ് നേതൃത്വത്തിന് എന്തെങ്കിലും വിശദീകരണം നല്‍കുകയോ നേതാക്കളുമായി ആശയവിനിമയം നടത്തുകയോ ചെയ്യാതെ ഒളിവില്‍ പോയതില്‍ നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്. എല്‍ദോയ്ക്ക് എതിരെ നടപടിയെടുക്കാന്‍ തന്നെയാണ് കെപിസിസിയിലെ നിലവിലെ ധാരണ.