ഹിമാചലില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, വോട്ടെടുപ്പ് നവംബര്‍ 12ന്; ഗുജറാത്തില്‍ പ്രഖ്യാപനം പിന്നീട്

1 min read

ന്യൂ ഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബര്‍ 12നാണ് വോട്ടെടുപ്പ്. ഡിസംബര്‍ 8ന് വോട്ടെണ്ണല്‍ നടക്കും. ഹിമാചലില്‍ ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഈ മാസം 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ഒക്ടോബര്‍ 25 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബര്‍ 27ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഒക്ടോബര്‍ 29 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഗുജറാത്തില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു.

ഹിമാചലിനൊപ്പം ഗുജറാത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തീയതി പിന്നീടേ ഉണ്ടാകൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഗുജറാത്തില്‍ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസംബറില്‍ തന്നെ വോട്ടെടുപ്പ് നടന്നേക്കും. നവംബര്‍ 12ന് ഹിമാചലില്‍ വോട്ടെടുപ്പ് നടക്കുന്നുണ്ടെങ്കിലും വോട്ടെണ്ണല്‍ ഒരു മാസത്തിന് ശേഷമാണ് എന്നതാണ് ഈ സൂചന സജീവമാക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍ ഒരുമിച്ച് നടത്തിയേക്കും. കാലാവസ്ഥ അടക്കം കണക്കിലെടുത്താണ് ഹിമാചലില്‍ തെരഞ്ഞെടുപ്പ് തീയതികള്‍ നിശ്ചയിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. 55,07,261 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.

ഹിമാചല്‍ പ്രദേശില്‍ 68 നിയമസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 2017ലെ കക്ഷിനില ഇങ്ങനെ

നിയമസഭ സീറ്റുകള്‍ 68

ബിജെപി 44

കോണ്‍ഗ്രസ് 21

സിപിഎം 1

വോട്ട് ശതമാനം (2017)

ബിജെപി 48.79

കോണ്‍ഗ്രസ് 41.68

ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്ത് 6 തവണ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ മൂന്ന് തവണ ഭരണം ബിജെപിക്ക് ആയിരുന്നു.

Related posts:

Leave a Reply

Your email address will not be published.