സൈറസ് മിസ്ത്രിയുടെ വാഹനാപകടം; ഡോ. അനഹിത പണ്ടോള ശസ്ത്രക്രിയക്കു വിധേയയായി
1 min readമുംബൈ: ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ കാര് ഓടിച്ചിരുന്ന ഡോ. അനഹിത പണ്ടോള ശസ്ത്രക്രിയക്കു വിധേയയായി. മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ ഇന്നലെയായിരുന്നു ശസ്ത്രക്രിയ. അപകടത്തിനിടയാക്കിയ മെഴ്സിഡസ് ബെൻസ് കാർ ഓടിച്ചിരുന്നത് അനഹിതയായിരുന്നു. മുംബൈയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റാണ് ഡോ. അനഹിത. അപകടത്തിൽ പരിക്കേറ്റ അനഹിതയുടെ ഭർത്താവ് ഡാരിയസ് പണ്ടോളെയും (60) ചികിത്സയിലാണ്.
വസ്തിപ്രദേശത്ത് ഒടിവ് പരിഹരിക്കാനാണ് വിദഗ്ധ ഡോക്ടർമാരുടെ സംഘം ശസ്ത്രക്രിയ നടത്തിയത്. ഈ മാസം നാലിനാണ് അപകടം സംഭവിച്ചത്. സൈറസ് മിസ്ത്രി (54), ഡോ.അനഹിത പണ്ടോളെ (55), ഭർത്താവ് ഡാരിയസ് പണ്ടോളെ (60), ഇദ്ദേഹത്തിന്റെ സഹോദരൻ ജഹാംഗിർ പണ്ടോളെ എന്നിവരാണ് കാറിലുണ്ടായിരുന്നത്. പിൻസീറ്റിലിരുന്ന മിസ്ത്രിയും ജഹാംഗിറുമാണ് മരിച്ചത്. ഇരുവരും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ എയർബാഗുകൾ പ്രവർത്തിച്ചില്ല.
അനഹിത അമിതവേഗതയിലാണ് കാർ ഓടിച്ചിരുന്നതെന്നാണ് കണ്ടെത്തിയത്. കാർ ഒമ്പത് മിനിറ്റിൽ 20 കിലോമീറ്റർ മറികടന്നതായി സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് കണ്ടെത്തിയിരുന്നു.