സിവിക് ചന്ദ്രന്‍ കേസിലെ വിവാദ പരാമര്‍ശം; ജഡ്ജിയുടെ ട്രാന്‍സ്ഫര്‍ സ്റ്റേ ചെയ്ത് ഡിവിഷന്‍ ബെഞ്ച്

1 min read

കൊച്ചി: സിവിക് ചന്ദ്രന്‍ കേസിലെ ജഡ്ജിയുടെ ട്രാന്‍സ്ഫര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. ജില്ലാ ജഡ്ജി എസ് കൃഷ്ണകുമാര്‍ നല്‍കിയ അപ്പീലിലാണ് നടപടി. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, മൊഹമ്മദ് നിയാസ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്‌ടെതാണ് ഉത്തരവ്. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.

കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ആയിരുന്ന എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതിയിലേക്കാണ് മാറ്റിയത്. സ്ഥലം മാറ്റ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. സ്ഥലം മാറ്റത്തില്‍ നിയമപരമായ ഒരു അവകാശവും ഹനിക്കപ്പെട്ടിട്ടില്ലെന്നാണ് അന്ന് കോടതി നിരീക്ഷിച്ചത്. ചുമതല നല്‍കുന്ന സ്ഥലത്ത് ജോലി ചെയ്യേണ്ട ഉത്തരവാദിത്വം ജഡ്ജിനുണ്ടെന്നും മുന്‍വിധികള്‍ വേണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ജില്ലാ കോടതി ജഡ്ജിക്ക് തത്തുല്യമായ തസ്തികയാണ് ലേബര്‍ കോടതി ജഡ്ജിയുടെതെന്ന് പറഞ്ഞ കോടതി, സ്ഥലം മാറ്റ ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്നും പറഞ്ഞിരുന്നു. ഇതിനെതിരെയാണ് എസ് കൃഷ്ണകുമാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായ തന്നെ കൊല്ലം ലേബര്‍ കോടതിയിലെ ഡെപ്യൂട്ടേഷന്‍ പോസ്റ്റിലേക്ക് മാറ്റിയത് ചട്ട വിരുദ്ധമാണെന്നായിരുന്നു ജഡ്ജി എസ് കൃഷ്ണകുമാറിന്റെ വാദം. മൂന്ന് വര്‍ഷത്തിനിടെ ഒരാളെ കാരണമില്ലാതെ സ്ഥലം മാറ്റരുതെന്ന നിയമം ലംഘിക്കപ്പെട്ടു. തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചു. അടുത്ത മെയ് 31 ന് വിരമിക്കാനിരിക്കുന്ന തനിക്ക് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരിക്കാന്‍ അര്‍ഹതയുണ്ടെന്നും എസ് കൃഷ്ണകുമാര്‍ വാദിച്ചിരുന്നു. സിവിക് ചന്ദ്രന് എതിരായ ലൈംഗിക പീഡന കേസിലെ മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ വിവാദ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതിയിലേക്ക് മാറ്റിയത്.

സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്നായിരുന്നു കോടതിയുടെ പരാര്‍മര്‍ശം. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമര്‍ശമുള്ളത്. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാല്‍ 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും കോടതി മുന്‍കൂ!ര്‍ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവില്‍ കോടതി നിരീക്ഷിച്ചിരുന്നു.

Related posts:

Leave a Reply

Your email address will not be published.