മുഖ്യമന്ത്രിയുടെ ഒഎസ്ഡി ആര്‍ മോഹന്റെ ഔദ്യോഗിക വാഹനത്തില്‍ ഭാര്യയുടെ കോളേജ് യാത്ര.

1 min read

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആര്‍ മോഹന്റെ ഭാര്യക്ക് യാത്രചെയ്യാന്‍ സെക്രട്ടറിയേറ്റില്‍ നിന്നും വാഹനം. സര്‍വകലാശാല അധ്യാപികയായ ഡോ.പൂര്‍ണ്ണിമ മോഹന്‍ വഞ്ചിയൂരിലെ കോളേജിലേക്ക് വരുന്നതും പോകുന്നതും ആര്‍ മോഹന് സര്‍ക്കാര്‍ അനുവദിച്ച വാഹനത്തിലാണ്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.

2018 നവംബര്‍ 28 ന് നിയമസഭയില്‍ അന്നത്തെ നാട്ടിക എംഎല്‍എയാണ് സര്‍ക്കാര്‍ വാഹനങ്ങളില്‍ വീട്ടില്‍ പോയി വരാന്‍ അനുവദിച്ചിട്ടുള്ളത് എതെല്ലാം തസ്തികയിലെ ഉദ്യോഗസ്ഥരെയാണെന്ന് ചോദിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ മുതല്‍ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ വരെ പന്ത്രണ്ട് ഇനം തിരിച്ച് മുഖ്യമന്ത്രി അന്ന് മറുപടിയും നല്‍കി. വാഹനങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കുമെന്നും പിണറായി മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ക്ക് വേണ്ടി ട്രിപ്പ് അടിക്കല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ തുടങ്ങുകയാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിലെ കണ്ടെത്തല്‍.

ഇന്ത്യന്‍ റവന്യു സര്‍വീസില്‍ നിന്നും സ്വയം വിരമിച്ച ശേഷം ഒന്നാം പിണറായി മന്ത്രിസഭ മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസല്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് ആര്‍ മോഹന്‍. ആദ്യ എല്‍ഡിഎഫ് സര്‍ക്കാരില്‍ മുഖ്യമന്ത്രി പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. രണ്ടാം ടേമില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലേക്ക് നിയമനം ലഭിച്ചു. ഭാര്യ ഡോ.പൂര്‍ണ്ണിമ മോഹന്‍ കാലടി സര്‍വകലാശാലയുടെ വഞ്ചിയൂരുള്ള സെന്ററില്‍ പ്രൊഫസറാണ്. സര്‍വകലാശാല അധ്യാപികമാര്‍ക്ക് സര്‍ക്കാര്‍ വാഹനമില്ല. എന്നാല്‍ ഡോ.പൂര്‍ണ്ണിമാ മോഹനെ കോളേജിലെത്തിക്കാനും തിരികെ കൊണ്ടു പോകാനും KL01 BF 4444 സ്റ്റേറ്റ് കാര്‍ എത്തും. ആരുടെതാണ് ഈ കാര്‍ എന്ന് വാഹനങ്ങള്‍ അനുവദിക്കുന്ന ടൂറിസം വകുപ്പില്‍ അന്വേഷിച്ചപ്പോഴാണ് കാര്യം വ്യക്തമായത്.
ഡോ.പൂര്‍ണ്ണിമ മോഹന്‍ വഞ്ചിയൂരിലെ കോളേജിലേക്ക് വരുന്നതും പോകുന്നതും ആര്‍ മോഹന് സര്‍ക്കാര്‍ അനുവദിച്ച വാഹനത്തിലാണ്.

ഒരു ദിവസത്തെ കാര്യമല്ല. എല്ലാം ദിവസവുംരാവിലെ കോളേജിലേക്കും വൈകിട്ട് നാല് മണിക്ക് കോളേജില്‍ നിന്നും നേരെ പത്ത് കിലോമീറ്റര്‍ അപ്പുറം നെട്ടയത്തുള്ള വീട്ടിലേക്കും പോക്ക് വരവ് സര്‍ക്കാര്‍ വാഹനത്തിലാണ്. അധ്യാപികയെ വീട്ടില്‍ ഇറക്കിയ ശേഷം തിരികെ വണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തും.

സംസ്‌കൃതം അധ്യാപികയായ പൂര്‍ണിമാ മോഹനെ കേരള സര്‍വകലാശാലയുടെ മലയാളം നിഘണ്ടു വിഭാഗത്തിന്റെ തലപ്പത്ത് ചട്ടംലംഘിച്ച് കൊണ്ടുവന്നത് നേരത്തെ വിവാദമായിരുന്നു. ഗവര്‍ണറുടെ അടുക്കല്‍ പരാതി എത്തിയപ്പോള്‍ ഡോ. പൂര്‍ണ്ണിമ രാജിവച്ചു. അതിന് ശേഷമാണ് കാലടി സര്‍വകലാശാലയുടെ തിരുവനന്തപുരത്തെ സെന്ററിലേക്ക് എത്തുന്നത്. രണ്ട് ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്ന സര്‍വകലാശാല അധ്യാപികയാണ് അനര്‍ഹമായി സര്‍ക്കാര്‍ വണ്ടി ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയുടെ ഒഎസ്ഡിക്ക് സര്‍ക്കാര്‍ വണ്ടി കുടുംബ വണ്ടിയാക്കാന്‍ പ്രത്യേക പരിഗണയുണ്ടോ? ഇത്രകാലം എത്രകിലോമീറ്ററിന് എത്ര പണം സര്‍ക്കാരില്‍ അടച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമോ? സ്വന്തം ഓഫീസിലെ ഉന്നതന്റെ അധികാര ദുര്‍വിനിയോഗത്തില്‍ മുഖ്യമന്ത്രി നടപടിയെടുക്കുമോ ? ഇതെല്ലാമാണ് ഇനി കാണേണ്ടത്.

Related posts:

Leave a Reply

Your email address will not be published.