‘റോഡിലെ കുഴിയില്‍ വീണ് യാത്രക്കാരന്‍ മരിച്ചതില്‍ പൊതുമരാമത്ത് വകുപ്പിന് വീഴ്ച’.
1 min readകൊച്ചി : ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്. കുഴിയില്‍ വീണ് ഒരാള്‍ മരിച്ചതില്‍ ദുഖമുണ്ട്. റോഡ് 14 കിലോമീറ്റര്‍ ദൂരം മുഴുവനായും റീ ടാ!റിങ്ങ് ചെയ്യും. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പൊതുമരാമത്ത് റോഡില്‍ കുഴിയില്ല എന്ന മുന്‍ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ ചോദ്യം ചോദിക്കാന്‍ നിങ്ങളെ ചിലര്‍ ചുമതലപ്പെടുത്തിയതാകുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
അതേ സമയം, കുഴിയില്‍ വീണ് യാത്രക്കാരന്‍ മരിക്കാനിടയായ സംഭവത്തില്‍ കരാറുകാരനെതിരെ പൊലീസ് കേസെടുത്തേക്കുമെന്നാണ് വിവരം. വിഷയത്തില്‍ പൊലീസ് നിയമസാധ്യതകള്‍ തേടുന്നുണ്ട്. നേരത്തെ സമാനസംഭവത്തില്‍ ദേശീയപാത കരാറുകാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെ അറ്റകുറ്റ പണികള്‍ക്ക് പിന്നാലെ റോഡ് വീണ്ടും തകര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. അല്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം ശക്തമാക്കാനാണ് തീരുമാനം. കുഞ്ഞുമുഹമ്മദിന്റെ മരണത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ ആവശ്യപ്പെടുന്നു.
എന്നാല്‍ അതേ സമയം, ആലുവ പെരുമ്പാവൂര്‍ റോഡിലെ അപകടകുഴികളില്‍ കരാറുകാരനെയും ഉദ്യോഗസ്ഥരെയും പഴിചാരാതെയാണ് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. റോഡില്‍ പത്തിലേറെ സ്ഥലത്ത് കുഴികള്‍ ഉണ്ടായിട്ടുണ്ടെന്നും കരാര്‍ പ്രകാരമുള്ള 11.7 കിലോ മീറ്റര്‍ ജോലി മുഴുവന്‍ പൂര്‍ത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റോഡില്‍ ഇനി രണ്ടര കിലോ മീറ്ററിലെ അറ്റക്കുറ്റപ്പണി ബാക്കിയുണ്ട്. ജോലി പൂര്‍ത്തിയാകാത്തതിനാല്‍ ബില്ലുകള്‍ നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
സര്‍ക്കാറിന് പ്രത്യക്ഷത്തില്‍ സാമ്പത്തിക നഷ്ടമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷവും ഇതേ റോഡില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. 15 ലക്ഷം രൂപയ്ക്കാണ് അന്ന് അറ്റകുറ്റപ്പണി നടത്തിയത്. കരാര്‍ കാലാവധി ആറ് മാസമായതിനാല്‍ അറ്റക്കുറ്റപ്പണി നടത്താന്‍ മുന്‍ കരാറുകാരനും ബാധ്യതയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് വിജിലന്‍സ് പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് തയ്യാറാക്കിയത്