മലപ്പുറം പൊലീസിന്റെ ‘ഓപ്പറേഷന്‍ തല്ലുമാല’; 200 പേര്‍ക്കെതിരെ കേസ്; 5.39 ലക്ഷം രൂപ പിഴ

1 min read

മലപ്പുറം: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളില്‍ ‘ഓപ്പറേഷന്‍ തല്ലുമാല’ എന്ന പേരില്‍ മിന്നല്‍ പരിശോധനയുമായി പൊലീസ്. ലഹരി ഉപയോഗവും വില്‍പ്പനയും തടയുക, വാഹന നിയമലംഘനങ്ങള്‍ പിടികൂടുക, വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാകുന്ന ഇടങ്ങളില്‍ സമാധാനന്തരീക്ഷം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് മിന്നല്‍ പരിശോധന നടത്തിയത്.

വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് 200 പേര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ നിന്നായി 5.39 ലക്ഷം രൂപ പിഴയീടാക്കി. 205 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഹൈസ്‌കൂള്‍ തലം മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികളാണ് പരിശോധനയില്‍ പൊലീസിന്റെ പിടിയിലായത്.

ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് 53 വിദ്യാര്‍ത്ഥികള്‍ക്കും ഇവരുടെ രക്ഷിതാക്കള്‍ക്കുമെതിരെ കേസെടുത്തു. മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിന് 69ഉം നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഓടിച്ചതിന് 22ഉം വിദ്യാര്‍ത്ഥികള്‍ക്കെതിരെയും നിയമ നടപടിയെടുത്തു.
മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍ പരിസരങ്ങളില്‍ വച്ച് ലഹരി ഉപയോഗം നടത്തിയതിന് ഒരാള്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു.

അഞ്ചോളം വിദ്യാര്‍ത്ഥികളെ പൊലീസ് താക്കീത് ചെയ്തുവിട്ടു. വാഴക്കാട് സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് കൊടി ഉയര്‍ത്തുന്നതിനെ ചൊല്ലി വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ അടിപിടിയില്‍ പൊലീസ് കേസെടുത്തു. കാറും ബൈക്കുകളും ഉള്‍പ്പെടെ 60ഓളം വാഹനങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും പിടിച്ചെടുത്തു.

രൂപമാറ്റം വരുത്തിയതിനും മറ്റു നിയമലംഘനങ്ങള്‍ക്കും പിഴ ഈടാക്കും. കുട്ടികളുടെ രക്ഷിതാക്കളെയും വിളിച്ചു വരുത്തിയിരുന്നു. പരിശോധനകള്‍ ഇനിയുള്ള ദിവസങ്ങളിലും തുടരാനാണ് പൊലീസ് തീരുമാനം.

Related posts:

Leave a Reply

Your email address will not be published.