സംയുക്ത സൈനികമേധാവിയായി ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ ചുമതലയേറ്റു
1 min readന്യൂഡൽഹി: ഇന്ത്യയുടെ രണ്ടാമത് സംയുക്ത സൈനികമേധാവിയായി ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ ചുമതലയേറ്റു. ഡൽഹിയിലെ പ്രതിരോധ മന്ത്രാലയത്തില്‍ നടന്ന ചടങ്ങിലാണ് ലഫ്. ജനറല്‍ അനില്‍ ചൗഹാന് ചുമതല ഏറ്റെടുത്തത്.
ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് ജനറൽ ചൗഹാൻ ചുമതലയേറ്റത്. ആദ്യ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിന് ഒൻപതു മാസത്തിനു ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്.
സിഡിഎസിനൊപ്പം സൈനികകാര്യ സെക്രട്ടറി പദവിയും ലഫ്. ജനറല്‍ അനില്‍ ചൗഹാന് വഹിക്കും. 11-ാം ഗൂർഖ റൈഫിൾസിൽ 1981ലാണ് അനിൽ ചൗഹാൻ സൈനികസേവനം ആരംഭിച്ചത്. ജമ്മു കാഷ്മീരിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സൈനികനടപടികൾക്കും നേതൃത്വം വഹിച്ചിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ ഉപമേധാവിയായും കിഴക്കൻ സൈനിക കമാൻഡിന്റെ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. 2021 മേയിലാണ് വിരമിച്ചത്. പരം വിശിഷ്ട സേവാ മെഡൽ, ഉത്തമ യുദ്ധ് സേവാ മെഡൽ തുടങ്ങിയ സൈനിക ബഹുമതികൾ നേടിയിട്ടുണ്ട്.