8 വര്‍ഷത്തെ തീവ്രപ്രണയം, വിവാഹ നിശ്ചയവും നടന്നു; എന്തിന് യുവതി ജീവനൊടുക്കി?

1 min read

മലപ്പുറം: എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം നിശ്ചയിച്ചതിന് പിന്നാലെ യുവതി കിടപ്പുമുറില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. അരീക്കോട് കീഴുപറമ്പ് തൃക്കളയൂരില്‍ വിവാഹ നിശ്ചയം കഴിഞ്ഞ ഇരുപത്തിരണ്ടുകാരി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രതിശ്രുത വരനെ അരീക്കോട് പൊലീസ് പിടികൂടിയത്.

തൃക്കളയൂര്‍ സ്വദേശി അശ്വിന്‍ (26) നെയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂണിലാണ് തൃക്കളയൂര്‍ സ്വദേശി മന്യ എന്ന ഇരുപത്തിരണ്ടുകാരിയെ വീട്ടിലെ കിടപ്പുമുറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണപ്പെട്ട യുവതിയും അറസ്റ്റിലായ അശ്വിനും തമ്മില്‍ എട്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. 2021 സെപ്റ്റംബര്‍ മാസം ഇവരുടെ വിവാഹനിശ്ചയവും ബന്ധുക്കള്‍ നടത്തിയിരുന്നു.

തുടര്‍ന്ന് എട്ടു മാസങ്ങള്‍ക്ക് ശേഷമാണ് യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അരീക്കോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ കുടുംബം മരണത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി അരീക്കോട് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് യുവതിയെ മാനസിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയത്.

ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് യുവാവിനെതിരെ തെളിവുകള്‍ കണ്ടെത്തിയത്. വാട്‌സ് ആപ്പ് ചാറ്റ് പരിശോധിച്ചതില്‍ ആത്മഹത്യാ പ്രേരണയുള്ള വോയിസ് നോട്ടുകള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും ഇത് സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചു. നിലവില്‍ ഐപിസി 306 പ്രകാരം ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Related posts:

Leave a Reply

Your email address will not be published.