ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരത്തിനിടെ മൈതാനത്ത് പാമ്പ്; ഗ്രൗണ്ട് സ്റ്റാഫ് എത്തി ഒഴിവാക്കി
1 min readഗുവാഹത്തി: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി20 മത്സരത്തിനിടെ മൈതാനത്ത് പാമ്പ്. മത്സരം നടക്കുന്നതിന്നിടെയാണ് അപ്രതീക്ഷിത അതിഥിയായി പാമ്പ് വന്നത്. ഇന്ത്യൻ ഇന്നിങ്സിൽ 7 ഓവർ പിന്നിട്ടപ്പോഴാണ് പച്ചപ്പുൽപ്പരപ്പിൽ പാമ്പിനെ കണ്ടത്. ഗ്രൗണ്ട് സ്റ്റാഫ് വന്ന് പാമ്പിനെ പുറത്തേക്കു നീക്കിയതിനു ശേഷമാണ് കളി തുടർന്നത്.
കളി തടസ്സപ്പെടൽ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിലുമുണ്ടായി. മൂന്നാം ഓവർ തുടങ്ങിയപ്പോഴേക്കും സ്റ്റേഡിയത്തിലെ ഫ്ലഡ്‍ലൈറ്റുകളിലൊന്ന് തകരാറിലായതിനെത്തുടർന്നാണ് അത്. മത്സരത്തിൽ 16 റൺസിനായിരുന്നു ഇന്ത്യൻ ജയം.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 221 റൺസിന് അവസാനിച്ചു. ദക്ഷിണാഫ്രിക്ക താരം ഡേവിഡ് മില്ലർ 47 പന്തിൽ 106 റൺസ് അടിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.