വിവാഹമോചനത്തിന് ഭര്‍ത്താവിന്റെ വരുമാനം അറിയണം; വിവരാവകാശ കമ്മിഷന് ഭാര്യയുടെ പരാതി
1 min readന്യൂഡൽഹി: ഭർത്താവിന്റെ വരുമാനം എത്രയെന്ന് ആവശ്യപ്പെട്ട് ഭാര്യ നൽകിയ അപേക്ഷ പരിഗണിക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷൻ (സിഐസി) ഉത്തരവ്. 15 ദിവസത്തിനുള്ളിൽ ഭർത്താവിന്റെ വരുമാനം എത്രയെന്ന് ഭാര്യയ്ക്ക് മറുപടി നൽകണമെന്ന് ആദായനികുതി വകുപ്പിനോടാണ് സിഐസി നിർദേശിച്ചത്. വിവാഹമോചന കേസിന്റെ ഭാഗമായാണ് ഭാര്യ അപേക്ഷ നല്‍കിയത്.
2018–19, 2019–20 സാമ്പത്തിക വർഷത്തെ ഭർത്താവിന്റെ വരുമാനം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സഞ്ജു ഗുപ്ത വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. എന്നാൽ ഭർത്താവ് അനുമതി നൽകാത്തതിനാൽ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫിസറും (സിപിഐഒ), ആദായനികുതി വകുപ്പും അപേക്ഷ തള്ളി. ഇതേത്തുടർന്ന് ഫസ്റ്റ് അപ്പല്ലേറ്റ് അതോറിറ്റിക്ക് (എഫ്എഎ) അപ്പീൽ നൽകി. ഇവരും അപേക്ഷ തള്ളി. പിന്നീടാണ് സഞ്ജു സിഐസിക്ക് അപേക്ഷ നൽകിയത്.
സ്വത്തുക്കൾ, ആദായനികുതി റിട്ടേണുകൾ, നിക്ഷേപങ്ങളുടെ വിവരം, കടം നൽകിയതും വാങ്ങിയതുമായുള്ളതിന്റെ വിവരങ്ങൾ തുടങ്ങിയവ വ്യക്തിഗത വിവരങ്ങളുടെ പരിധിയിലാണ് പെടുന്നത്. വിവരാവകാശ നിയമത്തിലെ (ആർടിഐ) സെക്‌ഷൻ 8 (1) (ജെ) വകുപ്പിനു കീഴിലാണ് ഇത്തരം കാര്യങ്ങൾ വരുന്നത്. എന്നാൽ വലിയതോതിലുള്ള പൊതുതാൽപര്യ വിഷയമാണെങ്കിൽ നിബന്ധനകൾക്കു വിധേയമായി ചില കാര്യങ്ങൾ പുറത്തുവിടാമെന്ന് സുപ്രീം കോടതി നേരത്തേ പറഞ്ഞിട്ടുണ്ട്.