ഗുരുവായൂരിനെ ഇളക്കിമറിച്ച് മോഹന്‍ഭാഗവതിന്റെ വരവ്; സംഘ പ്രവര്‍ത്തനത്തില്‍ വലിയ മുന്നേറ്റമുണ്ടായതായി ഭാഗവത്

1 min read

ഗുരുവായൂര്‍: ഗുരുവായൂരിനെ ഇളക്കിമറിച്ച് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവതിന്റെ വരവ്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ചേര്‍ന്ന ആര്‍.എസ്.എസ് ഗുരുവായൂര്‍ സംഘ ജില്ല ഗണവേഷ് സാംഘിക്കില്‍ അദ്ദ്ദേഹം പങ്കെടുത്തു. പൂര്‍ണഗണവേഷ ധാരികളായ 15000 സ്വയംസേവകരാണ് ഇന്നലെ ആര്‍എസ്എസ് ജില്ലാ സാംഘിക്കില്‍ പങ്കെടുത്തത്. കേരളത്തില്‍ സംഘ പ്രവര്‍ത്തനത്തില്‍ വലിയ മുന്നേറ്റമുണ്ടായി. എതിര്‍ക്കുന്നവര്‍ പോലും സംഘത്തെ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നും മോഹന്‍ ഭാഗവത് സാംഘിക്കില്‍ ചൂണ്ടിക്കാട്ടി. ആര്‍.എസ്.എസിന് പ്രവര്‍ത്തനം പരിപാടിയല്ല, തപസ്യയാണ്. സമൂഹത്തെ ശക്തിപ്പെടുത്തുകയെന്നതാണ് സംഘപ്രവര്‍ത്തനത്തിന്റെ ലക്ഷ്യം. യഥാർഥ ശക്തിയെന്നത് ഗുണ്ടായിസമോ തീവ്രവാദമോ അല്ല. അത് ഗുണപരവും സമൂഹത്തിന് നന്മ ചെയ്യുന്നതുമാകണം.

ഹിന്ദുത്വം ഇത്തരം ദൈവിക ഗുണസമ്പത്തിന്റെ പേരാണ്. അത് ഏതെങ്കിലും വംശത്തിന്റെയോ ജാതിയുടെയോ സമ്പ്രദായത്തിന്റെയോ ഭാഷയുടെയോ പ്രദേശത്തിന്റെയോ പേരല്ല, എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന ദര്‍ശനമാണ്. വിശ്വത്തിനാകെ മാര്‍ഗദര്‍ശനമേകാനാകും വിധം ഭാരതത്തെ പരമവൈഭവത്തിലെത്തിക്കാന്‍ സമാജത്തെ പ്രാപ്തമാക്കുക എന്ന പ്രവര്‍ത്തനമാണ് ആര്‍.എസ്.എസ് ചെയ്യുന്നത്.

രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഭാരതം പരമവൈഭവശാലിയാകും. അതിന് ഹിന്ദു സമാജത്തെ ശക്തമാക്കണം. ലോകം ശക്തിയെയാണ് അംഗീകരിക്കുന്നത്. ലോകത്തിന് വേണ്ടി നന്മ ചെയ്യണമെങ്കിലും സമാജം ശക്തി ശാലിയാകണം -മോഹൻ ഭാഗവത് പറഞ്ഞു. ആര്‍.എസ്.എസ് ദക്ഷിണ ക്ഷേത്രീയ സംഘചാലക് ഡോ. എ.ആര്‍. വന്നിരാജന്‍, പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, തൃശ്ശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പദ്മനാഭന്‍, ഗുരുവായൂര്‍ ജില്ല സംഘചാലക് റിട്ട. കേണല്‍ വി. വേണുഗോപാല്‍, പ്രാന്ത സമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

അദ്ദേഹം തൃശൂര്‍ തെക്കേ മഠവും നടുവിൽ മഠവും വടക്കേ മഠവും സന്ദർശിച്ചു. പാരമ്പര്യത്തിന്റെ ഭാഗവും അഭിമാനവുമായ ബ്രഹ്മസ്വം മഠങ്ങളുടെ സംരക്ഷണത്തിനായി കഴിയുന്നതെല്ലാം ചെയ്യുമെന്നു മോഹൻ ഭാഗവത് പറഞ്ഞു.. തെക്കേ മഠം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതി, ഇളമുറ സ്വാമിയാർ നരസിംഹാനന്ദ ബ്രഹ്മാനന്ദ ഭൂതി, നടുവിൽ മഠം മൂപ്പിൽ സ്വാമിയാർ നീലകണ്ഠ ഭാരതികൾ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മഠം പ്രസിഡന്റ് പി.പരമേശ്വരൻ,സെക്രട്ടറി മുല്ലമംഗലം നാരായണൻ,വടക്കുമ്പാട് പരമേശ്വരൻ,എടമന വാസുദേവൻ,വടക്കുമ്പാട് നാരായണൻ, ശ്രീകാന്ത്, സുദർശൻ, ഈശ്വർജി തുടങ്ങിയവരും പങ്കെടുത്തു. രണ്ടു ദിവസമായി നടന്നു വന്ന ആർഎസ്എസിന്റെയും മറ്റു പരിവാർ സംഘടനകളുടെയും സംസ്ഥാനതല നേതൃയോഗം സമാപിച്ചു. യോഗത്തിൽ മുഴുവൻ സമയവും മോഹൻ ഭാഗവത് പങ്കെടുത്തിരുന്നു. അദ്ദേഹം ഗുരുവായൂർ ക്ഷേത്ര ദർശനവും നടത്തി.

ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം. ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നില്‍ വാഹനമിറങ്ങിയ അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കൊപ്പം തെക്കേ നടപ്പന്തലിലൂടെ നടന്നെത്തി. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നില്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി. മനോജ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് നാലമ്പലത്തില്‍ പ്രവേശിച്ച് ഗുരുവായൂരപ്പനെ തൊഴുതു. ഉപദേവതാ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയ അദ്ദേഹം ക്ഷേത്രം കൂത്തമ്പലവും സന്ദര്‍ശിച്ചു.

Related posts:

Leave a Reply

Your email address will not be published.