അട്ടപ്പാടി മധുക്കേസിൽ പ്രതികൾക്ക് കനത്ത തിരിച്ചടി; ജാമ്യം റദ്ദാക്കിയ നടപടി ഹൈക്കോടതി ശരിവെച്ചു

1 min read

കൊച്ചി: അട്ടപ്പാടി മധുക്കേസിൽ പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടി. പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി നടപടി ഹൈക്കോടതി ശരിവെച്ചു. വിചാരണക്കോടതി നടപടിക്കെതിരെ പ്രതികൾ സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് കൗസർ ഇടപഗത്ത് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. സാക്ഷികളെ സ്വാധീനിച്ചുവെന്ന് കണ്ട് മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്ത് ജയിലിലടക്കാൻ വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. അന്ന് കോടതിയിൽ ഹാജരായ മൂന്ന് പ്രതികളെ അപ്പോൾ തന്നെ ജയിലിലടച്ചിരുന്നു. ഇതിനെതിരെ പ്രതികൾ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് 11 പ്രതികളുടെ അപ്പീൽ കോടതി തള്ളിയത്. നിലവിൽ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ ജയിലിലും 11പേർ പുറത്തുമുണ്ട്.

പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുകളുണ്ടെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും മധുവിന്റെ അമ്മക്ക് വേണ്ടി ഹാജരായ അഭിഭാഷകനും പ്രൊസിക്യൂഷനും ഒരുപോലെ വാദിച്ചു. ഇതംഗീകരിച്ചാണ് കോടതി ജാമ്യം റദ്ദാക്കിയ വിധി അംഗീകരിച്ചത്.

അതേസമയം, മധുവധക്കേസിൽ ഒരു സാക്ഷി കൂടി മൊഴി മാറ്റി. 46ാം സാക്ഷി അബ്ദുൽ ലത്തീഫാണ് മൊഴിമാറ്റിയത്. പ്രതികൾ മധുവിനെ പിടിച്ചുകൊണ്ടുവരുന്നതും മർദിക്കുന്നതും ക​ണ്ടുവെന്നായിരുന്നു ലത്തീഫിന്റെ ആദ്യമൊഴി. പ്രതികളായ നജീബ്, മുനീർ എന്നിവരുടെ പിതാവാണ് അബ്ദുൽ ലത്തീഫ്. ഇന്ന് വിസ്തരിച്ച 44ാം സാക്ഷി ഉമറും 45ാം സാക്ഷി മനോജും പ്രൊസിക്യൂഷന് അനുകൂലമായി മൊഴി നൽകി.

മധുവിന്റെ അമ്മയുടെയും സഹോദരിയുടെയും വിസ്താരം ഇന്ന് നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവെച്ചു. വിചാരണ നടപടികൾ ചിത്രീകരിക്കണമെന്ന മധുവിന്റെ അമ്മ മല്ലിയുടെ ഹരജിയിൽ തീർപ്പുകൽപ്പിച്ച ശേഷമാകും വിസ്താരം. കോടതിയെ തെറ്റിദ്ധരിപ്പിച്ച 29 ാം സാക്ഷി സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന ഹരജി വ്യാഴാഴ്ച മണ്ണാർക്കാട് എസ്.സി എസ്.ടി വിചാരണക്കോടതി പരിഗണിക്കും.

Related posts:

Leave a Reply

Your email address will not be published.