ഗുരുവായൂര്‍ ദേവസ്വം പണം സംഭാവന ചെയ്യുന്നതില്‍ തെറ്റുണ്ടോ? ചോദ്യവുമായി സുപ്രീം കോടതി
1 min readന്യൂഡല്‍ഹി: ഗുരുവായൂര്‍ ദേവസ്വം പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതില്‍ തെറ്റുണ്ടോ എന്ന് സുപ്രീം കോടതി. ക്ഷേത്രത്തിന് ഭക്തര്‍ നല്‍കുന്ന പണം എങ്ങനെ വിനിയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം ദേവസ്വം ബോർഡിന് ഇല്ലേയെന്നും കോടതി ആരാഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ നല്‍കാന്‍ ആകില്ലെന്ന ഉത്തരവിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.
പ്രളയ കാലത്തും കോവിഡ് കാലത്തുമായി 10 കോടി രൂപയാണ് ഗുരുവായൂര്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നത്. എന്നാല്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി ഫുള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഗുരുവായൂര്‍ ദേവസ്വം നിയമത്തിലെ വകുപ്പ് 27 പ്രകാരം ദുരിതാശ്വാസ ഫണ്ടിനായി പണം നീക്കിവയ്ക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചത്.
ഗുരുവായൂരപ്പന്റെ ഭക്തരുടെ താത്പര്യം കൂടി കണക്കിലെടുത്താണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയതെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ വാദിച്ചു. ക്ഷേത്ര ആവശ്യങ്ങള്‍ക്കല്ലാതെയും ഫണ്ട് നല്‍കുന്നതില്‍ തെറ്റില്ല. ധര്‍മ്മ പ്രചാരകന്‍ ആയിരുന്നു ശ്രീകൃഷ്ണന്‍. അതിനാല്‍ തന്നെ കൃഷ്ണന്റെ പേരിലുള്ള ക്ഷേത്രത്തിന് പൊതു ജനങ്ങള്‍ക്കായി പണം ചെലവഴിക്കാവുന്നതാണെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു.
ഭക്തരില്‍നിന്ന് ലഭിക്കുന്ന പണം ക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേത്രത്തിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ചെലവുകള്‍ക്കുമായി വിനിയോഗിക്കാം എന്നതില്‍ തര്‍ക്കമില്ലെന്ന് ചീഫ് ജസ്റ്റിസ് യു. യു. ലളിത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. പൊതു ജനങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം ബോര്‍ഡ് സംഭാവന ചെയ്യുന്നതില്‍ തെറ്റുണ്ടോ എന്നും കോടതി വാക്കാല്‍ ആരാഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന പണം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലേയെന്നും സുപ്രീം കോടതി ചോദിച്ചു. ക്ഷേത്രത്തിന് ലഭിക്കുന്ന പണം ചെലവഴിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ ദേവസ്വം ബോര്ഡിന് അധികാരമില്ലേയെന്നും സുപ്രീം കോടതി ആരാഞ്ഞു.