കേരളത്തില്‍ നിക്ഷേപം നടത്താമെന്ന് നോര്‍വേ മലയാളികള്‍ ,എല്ലാ സഹായവും നല്‍കാമെന്ന് മുഖ്യമന്ത്രി
1 min readനോര്‍വേ:കേരളത്തില്‍ സംരംഭം ആരംഭിക്കാന്‍ താല്പര്യമുണ്ടെന്ന് നോര്‍വേ മലയാളികള്‍. നോര്‍വ്വേയിലെ മലയാളി കൂട്ടായ്മയായ ‘നന്മ’യുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രിയുടെ മുന്നിലാണ് നിക്ഷേപത്തിന് തയ്യാറാണെന്ന് ചിലര്‍ സൂചിപ്പിച്ചത്. അതിനുള്ള എല്ലാ സഹായവും നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും നോര്‍വ്വ സന്ദര്‍ശനത്തിന്റെ നേട്ടങ്ങളും മുഖ്യമന്ത്രി മലയാളി അസോസിയേഷന് മുന്നില്‍ വിശദീകരിച്ചു. ഇവിടെ കാണുന്ന പല സൗകര്യങ്ങളും നമ്മുടെ നാട്ടിലും ഉണ്ടാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകുമെന്നും അതിനായി നമുക്ക് ഒന്നിച്ച് ശ്രമിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നവകേരള കാഴ്ചപാടിന്റെ പ്രധാന ഉള്ളടക്കവും കഴിഞ്ഞ ആറു വര്‍ഷം നടപ്പിലാക്കിയ പ്രധാന കാര്യങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. 1970 മുതല്‍ നോര്‍വ്വേയില്‍ മലയാളി സാന്നിധ്യമുണ്ടെങ്കിലും 2000 മുതലാണ് മലയാളികള്‍ കുടുതലായി കുടിയേറാന്‍ തുടങ്ങിയത്. പ്രൊഫഷണലുകളാണ് ഇവരില്‍ ഭൂരിഭാഗവും.നോര്‍വ്വേയിലെ പെന്ഷന് സംവിധാനത്തെ കുറിച്ച് വിശദമായ പഠനം നടത്താന്‍ ഉദ്ദേശിക്കുന്നതായി പിണറായി വിജയന് സൂചന നല്കി. ആദ്യമായാണ് കേരളത്തിന്റെ മുഖ്യമന്ത്രി നോര്‍വ്വേയിലെത്തുന്നതെന്നും അതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും നന്മ പ്രസിഡണ്ട് സിന്ധു എബ്ജില്‍ പറഞ്ഞു. പെരുമ്പാവൂര്‍കാരിയായ സിന്ധു പതിനേഴ് വര്‍ഷമായി നോര്‍വ്വേയിലാണ്. ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയെ കൂടാതെ വ്യവസായ മന്ത്രി പി രാജീവും ചീഫ് സെക്രട്ടറി ഡോ. വി പി ജോയിയും മറുപടി പറഞ്ഞു.
കേരളത്തില്‍ നിക്ഷേപ താല്പര്യങ്ങളുള്ള നോര്‍വ്വീജിയന്‍ കമ്പനികളുടെ ഇന്ത്യന്‍ ചുമതലക്കാരുടെ സംഗമം ജനുവരിയില്‍ കേരളത്തില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരളത്തിലെ നിക്ഷേപ സാധ്യതകളെ സംബന്ധിച്ച് ഓസ് ലെയില്‍ സംഘടിപ്പിച്ച ബിസിനസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇന്നോവേഷന്‍ നോര്‍വ്വേ, നോര്‍വ്വേ ഇന്ത്യ ചേമ്പര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി, നോര്‍വ്വീജിയന്‍ ബിസിനസ് അസോസിയേഷന് ഇന്ത്യ, എന്നീ സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യന്‍ എംബസിയും ഇന്ത്യയിലെ നോര്‍വ്വീജിയന്‍ എംബസിയും ചേര്‍ന്നാണ് ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചത്.
അമ്പത് പ്രധാന കമ്പനികളിലെ പ്രതിനിധികള്‍ പങ്കെടുത്തു.
ഹൈഡ്രജന്‍ പ്രോയുടെ സിഇഒ എറിക് ബോള്‍സ്റ്റാഡ്, മാലിന്യം വെന്‍ഡിംഗ് മെഷ്യനുകളിലൂടെ സംഭരിച്ച് സംസ്കരിക്കുന്ന പ്രശസ്ത കമ്പനിയായ ടോംറയുടെ വൈസ് പ്രസിഡന്റ് ജേക്കബ് റോഹന്‍ ഹോഗ്, മാലിന്യ സംസ്കരണത്തിലെ ആഗോള സ്ഥാപനമായ കാമ്പിയുടെ സിഇഒ എറിക് ഫാഡ് സ്, എം ടി ആര് കമ്പനിയുടെ സിഇഒ സഞ്ജയ് ശര്‍മ്മ എന്നിവര്‍ അവരവരുടെ സാധ്യതകളെ സംബന്ധിച്ച പ്രസന്റേഷനുകള്‍ അവതരിപ്പിച്ചു.