തെരുവുനായ ആക്രമണം; രണ്ടുവയസ്സുകാരനുള്‍പ്പടെ മൂന്ന് പേര്ക്ക് പരിക്ക്.

1 min read

തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് വീണ്ടും തെരുവ് നായ ആക്രമണം. രണ്ട് വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തെക്കേപ്പുറം സ്വദേശികളായ ജഗന്‍, വിജയ, ദാസന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരിക്കെ ആണ് രണ്ടര വയസ്സുകാരനെ നായ കടിച്ചത്. പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ കുന്നംകുളത്ത് തെരുവ് നായയുടെ കടിയേറ്റ് ചികിത്സയില്‍ ഇരിക്കെ ഒരു സ്ത്രീ മരിച്ചിരുന്നു.

അതിനിടെ, പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന ആദിവാസി വയോധിക മരിച്ചു. തൃശൂര്‍ ചിമ്മിനി നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവാണ് (60) തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് വയോധിക ചികിത്സയ്‌ക്കെത്തിയത്. ഇവര്‍ വാക്‌സിന്‍ എടുത്തിരുന്നില്ല. ഒരു മാസം മുമ്പാണ് നായയുടെ കടിയേറ്റെങ്കിലും മൂന്ന് ദിവസം മുമ്പാണ് മെ!ഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് എത്തിയത്. എം 6 യൂനിറ്റില്‍ ചികിത്സയിലായിരുന്നു. നില വഷളായതോടെ ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

സംസ്ഥാനത്തെ തെരുവുനായ ശല്യം ഗൗരവമുള്ള വിഷയമാണെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍. നായ്ക്കളുടെ എണ്ണം കൂടി. കൊവിഡ് ബാധയ്ക്ക് ശേഷം തെരുവു നായ്ക്കളുടെയും വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളുടേയും എണ്ണം കൂടിയിരിക്കുകയാണ്. അനുപാതികമായി കടിയേല്‍ക്കുന്നവരുടെ എണ്ണവും വാക്‌സിനേഷന്റെ തോതും കൂടിയിട്ടുണ്ട്. തെരുവുനായ്ക്കളുടെ എണ്ണം കൂടിയതോടെ വന്ധ്യംകരണ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 30 വന്ധ്യംകരണ കേന്ദ്രങ്ങളാണ് ഉള്ളത്. എന്നാല്‍ ഒരു ബ്ലോക്കില്‍ ഒരു വന്ധ്യംകരണ കേന്ദ്രം വേണം എന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. വന്ധ്യംകരണ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനുള്ള നടപടികള്‍ ഉണ്ടാകും. എന്നാല്‍ ഇത്തരം കേന്ദ്രങ്ങള്‍ നിലനിര്‍ത്തി കൊണ്ടുപോകാനുള്ള ഭാരിച്ച ചെലവാണ് പ്രതിസന്ധി ഉണ്ടാക്കുന്നതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. വന്ധ്യംകരണത്തോടൊപ്പം, തെരുവുനായ്ക്കളെ വാക്‌സിനേറ്റ് ചെയ്യാനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വാക്‌സിനേറ്റ് ചെയ്ത നായ്ക്കളുടെ ശരീരത്തില്‍ ചിപ്പ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. തെരുവുനായ ശല്യം തടയാന്‍ ആരോഗ്യതദ്ദേശമൃഗസംരക്ഷണ വകുപ്പുകളുടെ കൂട്ടായ ശ്രമം ഉണ്ടാകുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.