അക്ഷയക്ക് ജീവിതം തിരികെപിടിക്കാന്‍ കൈത്താങ്ങായി സ്‌കൂള്‍ പിടിഎ ഉണ്ടാകും.

1 min read

ഇടുക്കി: മയക്കുമരുന്ന് കേസില്‍ പിടിയിലായ അക്ഷയ ഷാജിക്ക് താങ്ങാകാന്‍ സ്‌കൂള്‍ പിടിഎ. കൈവിട്ടു പോയ യുവതിയുടെ ജീവിതം തിരികെ പിടിക്കാന്‍ ചെറുവട്ടൂര്‍ സ്‌കൂള്‍ പിടിഎ ആണ് സഹായവുമായി എത്തിയിരിക്കുന്നത്. അക്ഷയ പഠിച്ചിറങ്ങിയ ചെറുവട്ടൂര്‍ സ്‌കൂളിലെ പിടിഎ തുടര്‍ ചികിത്സയ്ക്കും ഉപരി പഠനം നടത്തുന്നതിനുമുള്ള സഹായം നല്‍കും. ചെറുവട്ടൂര്‍ സ്‌കൂളിലാണ് അക്ഷയ പ്ലസ് ടൂ പഠനം പൂര്‍ത്തിയാക്കിയത്.

മറ്റൊരു പെണ്‍കുട്ടിക്കും ഇത്തരമൊരു അവസ്ഥയുണ്ടാവരുതെന്നും മയക്കുമരുന്ന് ലോബിയുടെ കെണിയില്‍ വീണ് ജീവിതം തന്നെ നഷ്ടപ്പെടുത്തുന്ന തരത്തിലേക്ക് പോകരുതെന്നുമാണ് പിടിഎ ലക്ഷ്യമിടുന്നത്. തൊടുപുഴയിലെ ലോഡ്ജില്‍ നിന്നാണ് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതിയേയും യുവാവിനേയും പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി യൂനസ്, കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), എന്നിവരാണ് പിടിയിലായത്.

ഇവരില്‍നിന്നും 6.6 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. ലോഡ്ജില്‍ നിന്ന് കസ്റ്റഡിയിലെടുത്ത യുവതി അലറിക്കരഞ്ഞാണ് പൊലീസ് ജീപ്പിലേക്ക് കയറിയത്. സ്റ്റേഷനിലെത്തിയിട്ടും യുവതി നിര്‍ത്താതെ കരഞ്ഞ് ബഹളമുണ്ടാക്കിയിരുന്നു. ഇത് കേരളത്തിനെയാകെ കണ്ണീരില്‍ ആഴ്ത്തിയിരുന്നു. തൊടുപുഴയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗവും കച്ചവടവും നടക്കുന്നുണ്ടെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് യുവതിയും യുവാവും പിടിയിലാകുന്നത്. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി ഇവരെ കസ്റ്റഡിയിലെടുത്തത്. അഞ്ചുലക്ഷം രൂപയോളം വിലവരുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മയക്കുമരുന്ന് ചൂടാക്കുന്നതിനുള്ള കുഴലും മയക്കുമരുന്ന് വിതരണം ചെയ്യാനുള്ള ചെറിയ പായ്ക്കറ്റുകളും ലോഡ്ജില്‍ നിന്നും കണ്ടെത്തിയിരുന്നു. യുവതിയും യുവാവും ഇടയ്ക്കിടെ തൊടുപുഴയിലെ ലോഡ്ജില്‍ എത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇവര്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നുവെന്ന സൂചന കിട്ടയ പ്രദേശത്തെ വ്യാപാരികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അറസ്റ്റിലായ യൂനസ് നേരത്തേയും ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്നു. ഇയാള്‍ പൊലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. 2018ല്‍ മികച്ച മാര്‍ക്കോടെ പ്ലസ് ടു പാസായ അക്ഷയ പിന്നീട് കോതമംഗലം എംഎ കോളജില്‍ നിന്ന് 80 ശതമാനം മാര്‍ക്കോടെ സോഷ്യോളജിയില്‍ ബിരുദം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ പഠനത്തിനായി എറണാകുളത്തെ സ്വകാര്യസ്ഥാപനത്തില്‍ ചേരുകയും ചെയ്തിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തൊടുപുഴ സ്വദേശിയുമായി പ്രണയത്തില്‍ ആവുകയും പിന്നീട് പഠനം മുടങ്ങിപ്പോവുകയുമായിരുന്നു.

Related posts:

Leave a Reply

Your email address will not be published.