സാമ്പത്തിക സംവരണ വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്ന് യെച്ചൂരി

1 min read

സുപ്രീം കോടതി സാമ്പത്തിക സംവരണത്തിന് ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വരുമാന പരിധിയായ എട്ട് ലക്ഷം വളരെ കൂടുതലാണ്. സാധാരണക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ വേതനമായി പറയുന്നത് മൂന്നര ലക്ഷമാണ്. എട്ട് ലക്ഷം പരിധിയായി സ്വീകരീച്ചാല്‍ അര്‍ഹിക്കാത്തവര്‍ക്കും സംവരണം ലഭിക്കാനിടയാകും. ഭൂമിയുടെ കാര്യത്തിലും ഇത് ബാധകമാണ്. സിപിഎം പാര്‍ലമെന്റിലും ഇക്കാര്യം എതിര്‍ത്തതാണ്. സംവരണത്തിന്റെ അനുപാതത്തിനെതിരെ എതിര്‍പ്പുകള്‍ ഉയരുന്നത് സ്വാഭാവികമാണ്. വിധിയുടെ അടിസ്ഥാനത്തില്‍ ജാതി സെന്‍സസിന് വേണ്ടി ആവശ്യം ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്തു. മുന്നാക്ക സംവരണ വിധി കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. ഏറെക്കാലമായി കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആവശ്യമാണിത്. എന്നാല്‍ നിലവില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപെടരുത്. ഇത് സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ അഞ്ചംഗ ഭരണഘടന ബഞ്ചില്‍ നിന്ന് നാല് വിധി പ്രസ്താവങ്ങളാണ് ഉണ്ടായത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി, ജെ ബി പര്‍ദിവാല എന്നിവര്‍ സാമ്പത്തിക സംവരണം അംഗീകരിച്ചു. പിന്നാക്കം നില്‍ക്കുന്നവരെ കൈപിടിച്ച് ഉയര്‍ത്താനാണ് സംവരണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാനുള്ള അവകാശവും സര്‍ക്കാരിനുണ്ട്. അതിനാല്‍ ഇത് ഭരണഘടന തത്വങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി വ്യക്തമാക്കി. നിലവിലെ സംവരണം കിട്ടാത്തവര്‍ക്കാണ് പത്ത് ശതമാനം സംവരണം. അതിനാല്‍ അമ്പത് ശതാനത്തിന് മുകളില്‍ സംവരണം ഏര്‍പ്പെടുത്തിയത് ഇന്ദ്ര സാഹ്നി കേസിലെ വിധിക്ക് എതിരല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി ചൂണ്ടിക്കാട്ടി.

Related posts:

Leave a Reply

Your email address will not be published.