തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദം; സിപിഎമ്മും ക്രൈംബ്രാഞ്ചും അന്വേഷിക്കും
1 min read
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദം പാര്‍ട്ടിയും പൊലീസും അന്വേഷിക്കും. താല്കാലിക നിയമനത്തിന് പാര്‍ട്ടി പട്ടിക ചോദിച്ച കത്തിലാണ് സിപിഎമ്മും ക്രൈംബ്രാഞ്ചും അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് കത്ത് വിവാദം അന്വേഷിക്കാന്‍ തീരുമാനമായത്. സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് വിശദീകരിക്കും. അതേസമയം, മേയറുടെ പരാതിയില്‍ കത്ത് വിവാദത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കാനും തീരുമാനമായി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്. എസ് പി എസ് മധുസൂദനന്റെ മേല്‍നോട്ടിലായിരിക്കും അന്വേഷണം.
അതേസമയം, മേയറുടെ കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോ!ര്പ്പറേഷനില് സംഘര്‍ഷം രൂക്ഷമാവുകയാണ്. നഗരസഭയില്‍ മണിക്കൂറുകളായി ബഹളം തുടരുകയാണ്. ബിജെപി, സിപിഎം കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി. വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയവരെ ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ പൂട്ടിയിട്ടു. സംഘര്‍ഷത്തില്‍ അകപ്പെട്ട പ്രായമായവര്‍ അടക്കം പൊട്ടിക്കരയുന്ന അവസ്ഥ ഉണ്ടായി. നഗരസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതിനിടെ ഒരു കണ്ണന്മൂലയിലെ കൗണ്‍സിലര്‍ക്ക് ശരണ്യക്ക് പരിക്കേറ്റു. സിപിഎം ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് പരിക്കേറ്റത്. കോര്പ്പറേഷന് മുന്നില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ സമരവും നടക്കുന്നുണ്ട്.
കരാര്‍ നിയമനത്തിന് പാര്‍ട്ടി മുന്‍ഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന് അയച്ച കത്താണ് വിവാദത്തിലായത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കോര്പറേഷന് കീഴിലെ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാര്‍ത്ഥികളുടെ മുന്‍ഗണന പട്ടിക നല്‍കണമെന്നും അറിയിച്ചു കൊണ്ടാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാര്‍ഡിലെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് സമൂഹമാധ്യമത്തില്‍ വൈറലായത്.