ടീസ്റ്റ സെതൽവാദിനെതിരെ കുറ്റപത്രമായി; ആർ.ബി. ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവര്‍ പ്രതികള്‍
1 min readഅഹ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകൾ സൃഷ്ടിച്ചുവെന്ന കേസിൽ ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിനെതിരെ പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) അഹ്മദാബാദ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ബുധനാഴ്ച സമർപ്പിച്ച കുറ്റപത്രത്തിൽ മുൻ ഡിജിപി ആർ.ബി. ശ്രീകുമാർ, സഞ്ജീവ് ഭട്ട് ഐപിഎസ് എന്നിവരെയും പ്രതിസ്ഥാനത്ത് ചേർത്തിട്ടുണ്ട്.
2002-ലെ ഗുജറാത്ത് കലാപത്തിന് ശേഷം കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേലിന്റെ ഒത്താശയോടെ അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കുടുക്കാൻ ടീസ്റ്റ വ്യാജ തെളിവുകൾ സൃഷ്ടിച്ചു എന്നാണ് 100 പേജുള്ള കുറ്റപത്രത്തിൽ എസ്ഐടി ആരോപിക്കുന്നത്. ഈ കേസില്‍ രണ്ട് മാസത്തോളം ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് ടീസ്റ്റയ്ക്ക് ജാമ്യം ലഭിച്ചത്.
കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എംപി ഇസ്ഹാൻ ജാഫ്രിയുടെ വിധവ സാകിയ ജാഫ്രി, കേസിൽ നരേന്ദ്ര മോദിക്ക് എസ്ഐടി നൽകിയ ക്ലീൻ ചിറ്റ് റദ്ദാക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിരസിച്ചതിന് പിന്നാലെ ജൂൺ 25-നാണ് ടീസ്റ്റ അറസ്റ്റിലായത്.