മോദിയുടെ പിറന്നാളിന് ’56 ഇഞ്ച്’ താലി ഒരുക്കി ഒരു റെസ്‌റ്റോറന്റ്.

1 min read

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിരണ്ട് വയസ് പൂര്‍ത്തിയാകും. പിറന്നാള്‍ ദിനത്തില്‍ മധ്യപ്രദേശിലാണ് നരേന്ദ്രമോദിയുടെ പരിപാടികള്‍. പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം. അതേസമയം, മോദിയുടെ പിറന്നാളിനോടനുബന്ധിച്ച് ’56 ഇഞ്ച്’ താലി വിളമ്പി ആഘോഷമാക്കുകയാണ് ദില്ലിയിലെ കൊണാട്ട് പ്ലേസിലെ ‘ആര്‍ദോര്‍ 2.1’ എന്ന റെസ്റ്റോറന്റ്.

പിറന്നാള്‍ ദിനമായ ശനിയാഴ്ച മുതല്‍ പത്ത് ദിവസത്തേയ്ക്ക് 56 വിഭവങ്ങളുള്ള ഈ പ്രത്യേക താലി വിളമ്പുമെന്ന് കടയുടമ സുമിത് കല്‍റ പറയുന്നു. ഇരുപതുതരം സബ്ജികള്‍, വിവിധയിനം ബ്രെഡ്, ദാല്‍, ഗുലാബ് ജാമുന്‍, കുല്‍ഫി എന്നിവ അടങ്ങിയ ഈ പ്രത്യേക താലിക്ക് മൂവായിരം രൂപയാണ് വില.

മോദിയുടേത് 56 ഇഞ്ചുള്ള നെഞ്ചാണെന്ന പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് താലിയുടെ പേരും വിഭവങ്ങളുടെ എണ്ണവും 56 ആയത്. മോദിയോടുള്ള ആദരവുകൊണ്ടാണ് താന്‍ ഈ താലി ഒരുക്കിയതെന്ന് സുമിത് പറഞ്ഞു.

മോദി പലപ്പോഴായി തന്റെ ഇഷ്ടഭക്ഷണമായി ചൂണ്ടിക്കാണിച്ചിട്ടുള്ള ഒന്നാണ് ‘താലി മീല്‍സ്’. പ്രത്യേകിച്ച്, ഗുജറാത്തിന്റെ തനത് രുചിയായ താലി. മുമ്പ് പല പിറന്നാളിനും ഗാന്ധിനഗറിലുള്ള വീട്ടിലെത്തി അമ്മയോടൊപ്പം ഇരുന്ന് മോദി ഈ താലി കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

ബസ്മതി റൈസും, പൂരിയും, പരിപ്പും, പപ്പടവും, പച്ചക്കറി കൊണ്ടുളള രണ്ടോ മൂന്നോ ഇനം കറികള്‍, എന്തെങ്കിലും പയറുവര്‍ഗത്തില്‍ പെട്ട ഒന്നിന്റെ കറി, മോര്, മധുരം, പലതരം ചട്ണികള്‍ എന്നിങ്ങനെ പോകും താലി മീല്‍സിലെ വിഭവങ്ങള്‍. താലി മീല്‍സ് എന്ന് പറഞ്ഞാല്‍ തന്നെ സമ്പൂര്‍ണ്ണ ഭക്ഷണം എന്നാണത്രേ അര്‍ത്ഥം. അത്രയും പോഷകസമ്പത്തുള്ള ആഹാരമായതിനാലാകാം ഇതിന് ഈ പേര് വന്നതും.

Related posts:

Leave a Reply

Your email address will not be published.