‘മുസ്ലിം ലീഗില്‍ പൊട്ടിത്തെറി ഉണ്ടാകില്ല. കെഎം ഷാജി കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാള്‍’ എം കെ മുനീര്‍

1 min read

കോഴിക്കോട്: പരസ്യവിമര്‍ശനത്തിന്റെ പേരില്‍ ലീഗില്‍ ഒരു വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിന് വിധേയനായ കെ എം ഷാജിക്ക് പരോക്ഷ പിന്തുണയുമായി എം കെ മുനീര്‍ എം എല്‍ എ രംഗത്ത്. ഷാജിയുടെ പ്രസ്താവനയുടെ പേരില്‍ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി ഉണ്ടാകില്ല.കെ എം ഷാജി കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാളാണ്.ഷാജിയുടെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തു വന്നത്.ലീഗ്എന്ന വട വൃക്ഷത്തില്‍ കയറി കാസര്‍ത്തു നടത്തുന്നവര്‍ വീണാല്‍ അവര്‍ക്കു പരിക്കേള്‍ക്കുമെന്ന ഫിറോസിന്റെ പരാമര്‍ശം ,ഫിറോസ് ഉള്‍പ്പെടെ എല്ലാവര്‍ക്കും ബാധകമാണെന്നും മുനീര്‍ പറഞ്ഞു.

കെ എം ഷാജിക്ക് പരോക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. മുസ്ലിം ലീഗ് ഒരു വടവൃക്ഷമാണെന്നും യൂത്ത് ലീഗ് ആ വടവൃക്ഷത്തിന്റെ തണലില്‍ ഉറച്ച് നില്‍ക്കുമെന്നും പി കെ ഫിറോസ് പറഞ്ഞു. വടവൃക്ഷത്തിന്റെ കൊമ്പില്‍ കയറി കസര്‍ത്ത് കളിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. എന്നാല്‍ കൊമ്പില്‍ നിന്ന് താഴെ വീണാല്‍ പരിക്കേല്‍ക്കുന്നത് വീഴുന്നവര്‍ക്കാവുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി. മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലെ വിമര്‍ശനത്തില്‍ കെഎം ഷാജിയുടെ പ്രതികരണത്തിന് പിന്നാലെയായിരുന്നു ഫിറോസിന്റെ മറുപടി. പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം കേട്ട് താന്‍ പാര്‍ട്ടി വിട്ട് ശത്രുപാളയത്തിലേക്ക് പോകുമെന്ന് ആരും കരുതേണ്ടെന്നെന്നായിരുന്നു കെ എം ഷാജി മസ്‌കറ്റില്‍ കെഎംസിസി വേദിയില്‍ പറഞ്ഞത്.

മുസ്ലീം ലീഗില്‍ കെ എം ഷാജിക്കെതിരെ പി കെ കുഞ്ഞാലിക്കുട്ടി പക്ഷം നീക്കം കടുപ്പിച്ചിരിക്കുകയാണ്. ഷാജിയുടെ പരാമര്‍ശങ്ങള്‍ പലതും നേതാക്കളെ പ്രതിരോധത്തില്‍ ആക്കുകയാണെന്ന് പ്രവര്‍ത്തകസമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എല്‍! ഡി എഫ് സര്‍ക്കാരിനോട് പി കെ കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമാണെന്ന് ആരോപിച്ച് അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് കഴിഞ്ഞ പ്രവര്‍ത്തക സമിതിയില്‍ കെ എം ഷാജിയും കെ എസ് ഹംസയും നടത്തിയത്. അതിന്റെ മറുപടിയാണ് പ്രവര്‍ത്തകസമിതിയില്‍ കെ എം ഷാജിക്കെതിരായ നീക്കം എന്നാണ് വിലയിരുത്തല്‍.

അതിനിടെ കണ്ണൂരിലെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടികൂടിയ 47 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ട് കെ എം ഷാജി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോഴിക്കോട് വിജിലന്‍സ് കോടതി അടുത്ത മാസം പത്തിലേക്ക് മാറ്റി. പണം തെരെഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം. പ്രതിഭാഗം ഹാജരാക്കിയ രേഖകള്‍ പരിശോധിക്കാന്‍ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിയത്.

Related posts:

Leave a Reply

Your email address will not be published.